കുമ്പള: ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്നത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് കുമ്പള പഞ്ചായത്ത് ഗ്രാമവണ്ടി ആരംഭിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ആറിന് രാവിലെ 10 -ന് ബംബ്രാണയിൽ ഗതാഗതമന്ത്രി ആൻ്റണി രാജു ഗ്രാമവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷതവഹിക്കും.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. ഇന്ധനച്ചെലവ് പഞ്ചായത്തും ബസ് ജീവനക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണിയും കെ.എസ്.ആർ.ടി.സിയും വഹിക്കും. പി.കെ. നഗർ, ഉളുവാർ, പാമ്പാട്ടി, കുമ്പള സാമൂഹികാരോഗ്യകേന്ദ്രം, ഐ.ച്ച്.ആർ.ഡി., പേരാൽ, മൊഗ്രാൽ സ്കൂൾ, മുളിയടുക്ക എന്നീ റൂട്ടുകളിൽ സർവീസ് നടത്തും. പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.സബൂറ, ബി.എ.റഹ്മാൻ ആരിക്കാടി, നസീമ ഖാലിദ്, യൂസുഫ് ഉളുവാർ എന്നിവർ സംബന്ധിച്ചു.