കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറിക്കേസിൽ പൊലീസിനെ സ്വാധീനിച്ചാണ് യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും അനുകൂല റിപ്പോർട്ട് തട്ടിക്കൂട്ടിയതെന്ന ആരോപണവുമായി കെ.ടി ജലീൽ. കുന്ദമംഗലം സി.ഐ യൂസുഫും എസ്.ഐ അഷ്‌റഫും നൽകിയ റിപ്പോർട്ട് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളിയിട്ടുണ്ടെന്നും പ്രതികളായ സുബൈറിനും ഫിറോസിനും സമൻസ് അയക്കാൻ കോടതി ഉത്തരവായിട്ടുണ്ടെന്നം ജലീൽ അവകാശപ്പെട്ടു. കേരള പൊലീസിനു കളങ്കമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
കത്‌വ ഫണ്ട് തിരിമറി രാഷ്ട്രീയവൈരാഗ്യത്തിലുണ്ടാക്കിയ കള്ളക്കേസാണെന്ന പൊലീസ് റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു കെ.ടി ജലീൽ. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ഫണ്ട് മുക്കി നക്കുന്ന ഏർപ്പാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത്ത് ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇ.ഡിയിലും തൽസംബന്ധമായ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്. അത് ദുർബലമാക്കാനാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.ഐ യൂസഫിനെയും എസ്.ഐ അഷ്‌റഫിനെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് പ്രതികൾ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പൊലീസിനു കളങ്കമുണ്ടാക്കിയ ഇരുവർക്കുമെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് യൂസഫ് പടനിലം പറഞ്ഞതായും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കത്‌വ ഫണ്ട്: പൊലീസ് റിപ്പോർട്ട് കോടതി തള്ളി, പ്രതികൾക്ക് സമൻസയക്കാൻ ഉത്തരവായി
മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള കത്‌വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം സി.ഐ യൂസുഫും എസ്.ഐ അഷ്‌റഫും പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ തെളിവുകൾ ഗൗനിക്കാതെ പ്രതികൾക്ക് അനുകൂലമായി 2023 ജൂണിൽ നൽകിയ പൊലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സി.കെ സുബൈറിനും രണ്ടാം പ്രതി പി.കെ ഫിറോസിനും സമൻസ് അയക്കാനും കോടതി ഉത്തരവായി. 09.02.2024ന് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. ഇതോടെ രാവിലെ മുതൽ ലീഗ് സൈബർ പോരാളികൾ നടത്തിവന്ന കള്ളപ്രചാരണം പൊളിഞ്ഞ് പാളീസായി.
പൊലീസ് ഉദ്യോഗസ്ഥരെ പലവിധത്തിൽ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണ് യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ഭാരവാഹി യൂസഫ് പടനിലം നൽകിയ പരാതിയെ തുടർന്ന് തള്ളപ്പെട്ടത്. രണ്ട് പെൺകുട്ടികൾ കത്‌വയിലും ഉന്നാവോയിലും നിഷ്ഠുരമായി പിച്ചിച്ചീന്തപ്പെട്ട കിരാത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് പള്ളികൾ കേന്ദ്രീകരിച്ച് ഒരു വെള്ളിയാഴ്ച ഇരകളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ വ്യാപകമായ പണപ്പിരിവ് നടത്തിയത്. ഗൾഫ്‌നാടുകളിലും എട്ടുംപൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ കഥ പറഞ്ഞ് കണക്കറ്റ ധനശേഖരണം നടന്നതായി ആക്ഷേപമുയർന്നിരുന്നു.
പിരിച്ച പണത്തിൽനിന്ന് വളരെ ചെറിയ ഒരു തുക ഇരകളുടെ കുടുംബത്തിനും കേസ് വാദിക്കാത്ത വക്കീലന്മാർക്കും നൽകി. പിരിഞ്ഞുകിട്ടിയ ഭീമമായ തുകയുടെ സിംഹഭാഗവും സ്വന്തം ആവശ്യത്തിനും യൂത്ത് ലീഗ് നടത്തിയ സംസ്ഥാന ജാഥയുടെ ചെലവിലേക്കും എടുത്തതായാണ് പരാതിയിൽ ആരോപിച്ചത്. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ഫണ്ട് മുക്കി നക്കുന്ന ഏർപ്പാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത്ത് ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇ.ഡിയിലും തൽസംബന്ധമായ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്.
അത് ദുർബലമാക്കാനാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.ഐ യൂസഫിനെയും എസ്.ഐ അഷ്‌റഫിനെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ട് പ്രതികൾ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പൊലീസിനു കളങ്കമുണ്ടാക്കിയ ഇരുവർക്കുമെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് യൂസഫ് പടനിലം പറഞ്ഞു.
കേട്ടപാതി കേൾക്കാത്തപാതി, പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങൾ സ്വയം പരിഹാസ്യനായി. പരാതിക്കാരൻ യൂസഫ് പടനിലത്തിനുവേണ്ടി അഡ്വ. എം. നാരായണൻ കുന്ദമംഗലമാണ് ഹാജരായത്. (Case No: CC-388/2023) മൊബൈൽ: 9846430201.