തുടര്‍ച്ചയായ മഴ: ‘പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം’, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

0
138

തിരുവനന്തപുരം: ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.

എലിപ്പനി: എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൂടിയാണ് എലിപ്പനി പകരുക. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശിവേദനയുമാണ് രോഗലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മൂത്രത്തില്‍ നിറവ്യത്യാസം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. കട്ടികൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളും ധരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താം. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യരുത്.

ഡെങ്കിപ്പനി: ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ കൊതുകു ജന്യരോഗങ്ങള്‍ക്കുമുള്ള സാഹചര്യമുണ്ട്. ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളവും മാറ്റണം.

ബോട്ടുകളിലും ബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ടയറുകള്‍, ടാങ്കുകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരും. ബോട്ടുകളില്‍ മൂടിയില്ലാത്തജലസംഭരണികള്‍, വശങ്ങളില്‍ കെട്ടിയിരിക്കുന്ന ടയറുകള്‍, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍ എന്നിവയില്‍ മഴയ്ക്കു ശേഷം വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ എസ് ഷിനു അറിയിച്ചു.

ജലജന്യരോഗങ്ങള്‍: വയറിളക്കരോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്- എ തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കുള്ള സാഹചര്യമാണിപ്പോള്‍. മുന്‍കരുതലായി ശുചിത്വം പാലിക്കണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകഴുകിയാല്‍ വയറിളക്കരോഗങ്ങള്‍ അകറ്റാം. ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ച ശേഷവും സോപ്പുപയോഗിച്ചു കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണംവഴി മരണസാധ്യതയുണ്ട്. വയറിളക്കരോഗലക്ഷണങ്ങള്‍ക്ക് തുടക്കത്തില്‍ത്തന്നെ പാനീയ ചികിത്സ വേണം. ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പുംപഞ്ചസാരയും ചേര്‍ത്തു തയ്യാറാക്കിയ നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here