പോലീസിന് പിടികൊടുക്കാതെ മുങ്ങിയ പീഡനക്കേസ് പ്രതി; ലിഫ്റ്റ് ചോദിച്ച് കയറിയത് പോലീസിന്റെ സ്‌കൂട്ടറിൽ! ഒടുവിൽ പിടിയിൽ

0
186

കുണ്ടറ: നാളുകളായി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു എസ്‌ഐയുടെ സ്‌കൂട്ടറിൽ കയറി പിടിയിലായി. പ്രതിയെ അന്വേഷിക്കുകയായിരുന്ന എസ്‌ഐയ്ക്ക് തന്നെയാണ് പ്രതി പിടികൊടുത്തതും.

താൻ കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറിലാണെന്ന് തിരിച്ചറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു.കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്.

എസ്‌ഐ മറ്റൊരു കേസ് അന്വേഷിക്കാനായി പോകുന്നതിനിടെയാണ് വഴിയിൽ വെച്ച് ജോമോൻ സ്‌കൂട്ടറിന് കൈകാണിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ബിൻസ് രാജിന്റെ വാഹനത്തിലാണ് ജോമോൻ ലിഫ്റ്റ് ചോദിച്ച് കയറിയത്.

കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് ജോമോൻ എസ്‌ഐയുടെ സ്‌കൂട്ടറിലാണ് കയറിയതെന്ന് തരിച്ചറിഞ്ഞത്. ഇതോടെ ഇറങ്ങി ഓടുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ജോമോനെ എസ്‌ഐ ഓടിച്ചിട്ടു പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പിന്നീട് പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്‌ഐയും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവർത്തകരും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്.

കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here