‘അതിന് ശേഷം മതി ഇജ്ജാതി ഡയലോഗ്, മ്യാമാ’ എന്ന് എംവിഡിയോട് യുവാവ്; ‘മരുമോനേ, പണി കഴിയും വരെ ക്ഷമി’യെന്ന് മറുപടി

0
188

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യം നാലുവരി പാത നിര്‍മ്മിക്കണം, അതിന് ശേഷം റോഡുകളില്‍ മാന്യമായ പെരുമാറ്റം പാലിക്കാമെന്ന് കമന്റ് ചെയ്ത യുവാവിന് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം റോഡില്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ള എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ചോദ്യവും പിന്നാലെ മറുപടിയും പ്രത്യക്ഷപ്പെട്ടത്. ചോദ്യവും മറുപടിയും സോഷ്യൽമീഡിയയിൽ ഇപ്പോൾ വെെറലാണ്.

എംവിഡി കുറിപ്പ് ഇങ്ങനെയായിരുന്നു: ”ഒരിക്കല്‍ നാമും ലേണേഴ്‌സ് ഡ്രൈവിംഗ് ലൈസന്‍സിന് ഉടമയായിരുന്നു. ലേണേഴ്‌സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡില്‍ കാണുമ്പോള്‍ അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തേക്കാം എന്ന് കരുതിക്കൊണ്ട്, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയില്‍ ആയിരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇന്‍ഡിക്കേറ്ററും സിഗ്‌നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നുപോയേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട്, നമ്മളാണ് കരുതല്‍ പാലിക്കേണ്ടത്. അവരില്‍ നിന്നും അകലം പാലിച്ചും, ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാം. കാരണം നാമും ഒരിക്കല്‍ അവരായിരുന്നു.”

ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് സുധീര്‍ മനാഫ് എന്ന യുവാവ് ഇപ്രകാരം കമന്റ് ചെയ്തത്: ”ആദ്യം നാലുവരി പാത പണിയണം. അതിനുശേഷം മതി ഇജ്ജാതി ഡൈലോഗ്‌സ്. കേട്ടാ മ്യാമാ.” സുധീറിന്റെ ഈ കമന്റിന് ഒരു മണിക്കൂറിന് ശേഷം എംവിഡിയുടെ മറുപടിയും എത്തി. ”4 വരിയുടെ പണിയൊന്ന് കഴിയും വരെ ക്ഷമി.. മരുമോനേ…”

യുവാവിന്റെ ചോദ്യത്തിനും എംവിഡിയുടെ മറുപടിക്കും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ഭൂരിഭാഗം പേരും എംവിഡിയെ പിന്തുണച്ചും യുവാവിനെ വിമര്‍ശിച്ചുമാണ് രംഗത്ത് വരുന്നത്. നാലുവരി പാത നിര്‍മാണം പുരോഗമിക്കുന്നത് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍, ഗതാഗത കുരുക്കിനെ കുറിച്ചാണ് മറുവിഭാഗം പ്രതികരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here