കാസർകോട് : രേഖകളില്ലാതെ സൂക്ഷിച്ച പണവും സ്വർണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിൽ അഹമ്മദ് ഇർഫാനെ (30) ആണ് കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടുകളാക്കിയനിലയിൽ 14.12 ലക്ഷം രൂപയും ഉരുക്കിയ ആറ് സ്വർണക്കട്ടികളുമാണ് ഇയാളുടെ പക്കൽനിന്ന് പിടിച്ചത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞായിരുന്നു പണം സൂക്ഷിച്ചത്.
കാസർകോട് ട്രാഫിക് കവലയിലെ സബ് ട്രഷറി ഓഫീസിന് സമീപം ഇരുചക്രവാഹനത്തിൽ വന്നിറങ്ങുമ്പോഴായിരുന്നു പണം പിടിച്ചത്.
എസ്.ഐ.മാരായ എ.കെ. ശാർങ്‌ധരൻ, കെ.വി. ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൻ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.