ഇനി കാസര്‍കോട് നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍; സൗകര്യമൊരുക്കുന്നത് കര്‍ണാടക ആര്‍ടിസി

0
136

മംഗളൂരു: കാസര്‍കോട് നിന്ന് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി പദ്ധതിയൊരുക്കുന്നു. ഭട്കല്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കും. നേരത്തെ, വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഈ റൂട്ടുകളില്‍ നാല് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. രജിസ്‌ട്രേഷന്‍ മാത്രം മതി. എയര്‍ലൈന്‍ കമ്പനികള്‍ അവരുടെ വെബ്‌സൈറ്റില്‍ ഇലക്ട്രിക് ബസ് സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ എയര്‍ലൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. കെഎസ്ആര്‍ടിസിയുടെ മംഗളൂരു ഡിവിഷനില്‍ 45 ഇലക്ട്രിക് ബസുകളാണ് പുതുതായി സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കുന്നത്. അതില്‍ നാല് ബസുകള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടും. ധര്‍മ്മസ്ഥല, ഉഡുപ്പി, കാസര്‍കോട്, കുന്ദാപുര, ഭട്കല്‍ തുടങ്ങിയ റൂട്ടുകളിലൂടെ മറ്റുള്ള ബസുകള്‍ സര്‍വ്വീസ് നടത്തും. മംഗളൂരു, ഉഡുപ്പി, കുന്ദാപുര, ധര്‍മസ്ഥല എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാക്കും. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാന്‍ ബസുകള്‍ക്ക് കഴിയും, ഫുള്‍ ചാര്‍ജിംഗിന് ഏകദേശം നാല് മണിക്കൂര്‍ എടുക്കും. അതിനാല്‍ ദൂരെ സ്ഥലങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാകില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കൂടാതെ, മംഗളൂരുവിനും ബംഗളൂരുവിനുമിടയില്‍ പുതിയ ഡിസൈനിലുള്ള എട്ട് പല്ലക്കി ബസുകളും മംഗളൂരു ഡിവിഷനില്‍ ലഭിക്കും. എന്നാല്‍ പുതിയ എക്‌സ്പ്രസ് ബസുകളൊന്നും അനുവദിച്ചിട്ടില്ല. പുത്തൂര്‍ ഡിവിഷനില്‍ ഒമ്പത് പുതിയ ബസുകള്‍ അനവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here