ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ നിയോഗിക്കണം: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍

0
140

കോഴിക്കോട്: ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചയ്ക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍. മർക്കസിൽ നടന്ന ഫലസ്തീൻ പ്രാർത്ഥനാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനാന്തരീക്ഷത്തിൽ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിലും ഇന്ത്യ മുൻപന്തിയിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പരമാധികാരമുള്ള, അംഗീകൃത അതിർത്തികളുള്ള സ്വതന്ത്ര രാജ്യമാണെന്നും സമാധാനത്തിനായുള്ള ചർച്ചകൾ തുടരണമെന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര യുദ്ധമാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽപറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയെന്ന വാർത്ത അത്യധികം ആശങ്കയുണ്ടാക്കുന്നു. ജനവാസകേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രായേൽ നടപടി നീതീകരിക്കാവുന്നതല്ല. സ്‌നേഹവും ശാന്തിയുമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.

ഫലസ്തീൻ ജനതയുടെ സമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശത്തെ തുടർന്ന് ഇന്ന് ജുമുഅ നമസ്‌കാരാനന്തരം സംസ്ഥാനത്തെങ്ങും പള്ളികളിൽ പ്രത്യേക പ്രാർത്ഥനാസംഗമങ്ങൾ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here