ഇതാ കണ്ണൂര്‍ സ്‍ക്വാഡിന്റെ ഒഫിഷ്യല്‍ കളക്ഷൻ റിപ്പോര്‍ട്ട്, മമ്മൂട്ടി സുവര്‍ണ നേട്ടത്തില്‍

0
125

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.

കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ സ്‍നേഹിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്‍താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമാഴ്‍ചയിലും കണ്ണൂര്‍ സ്‍ക്വാഡിന് മോശമല്ലാത്ത കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ അത് വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു.

റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായി വിസ്‍മയിപ്പിക്കുമ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here