ലോകകപ്പിനെത്തിയ പാക് ക്രിക്കറ്റ് അവതാരകയെ തിരിച്ചയച്ചതായി റിപ്പോർട്ട്

0
177

ന്യൂഡൽഹി: പ്രമുഖ പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യ തിരിച്ചയച്ചതായി റിപ്പോർട്ട്. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടിയെന്നാണു വിവരം. ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.

ഇന്ത്യയിലെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രൊഫൈലുകളിൽനിന്ന് സൈനബിനെതിരെ വൻതോതിൽ സൈബറാക്രമണം നടന്നിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഇവർക്കെതിരെ ഡൽഹി പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. ഹിന്ദു വിശ്വാസത്തെയും ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണു പരാതിയിലുണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബി.സി.സി.ഐയ്ക്കും വിനീത് പരാതി നൽകിയിട്ടുണ്ട്.

വർഷങ്ങൾക്കുമുൻപ് ട്വിറ്ററിൽ കുറിച്ച പോസ്റ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു സൈനബിനെതിരെ സൈബറാക്രമണം നടന്നത്. അതേസമയം, സുരക്ഷാ ഭീഷണിയെ തുടർന്ന് സൈനബ് നാട്ടിലേക്ക് മടങ്ങിയതാണെന്നും റിപ്പോർട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ സൈനബ് നിഷേധിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായ ക്രിക്കറ്റ് അവതാരകയാണ് സൈനബ് അബ്ബാസ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അവതാരകവേഷത്തിലെത്തിയിട്ടുണ്ട്. ഐ.സി.സിയുടെ ഡിജിറ്റൽ വിഭാഗത്തിൽ അംഗവുമായിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ അവതാരകയാകാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇന്ത്യൻ സംസ്‌കാരത്തെ തൊട്ടറിയാനുള്ള അവസരം പരമാവധി ഉപയോഗിക്കുമെന്നും ലോകകപ്പിനായി തിരിക്കുംമുൻപ് അവർ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here