‘എന്നെ കൊല്ലരുതേ’: റേവ് പാർട്ടിക്കിടെ ഹമാസിന്റെ ആക്രമണം; ഇസ്രയേലി യുവതിയെ തട്ടിക്കൊണ്ടുപോയി, ദൃശ്യം

0
357

ടെല്‍ അവീവ്: റേവ് പാര്‍ട്ടിക്കിടെ ഇസ്രയേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ആയുധധാരികള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കിബുത്ത്‌സ് റെഈമിന് സമീപം റേവ് പാര്‍ട്ടി നടക്കുന്നതിനിടെയാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയ നോഹയും ആണ്‍സുഹൃത്ത് ആവി നഥാനും ഈ പാര്‍ട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്തായ നഥാനെ മര്‍ദിച്ചവശനാക്കിയശേഷമാണ് യുവതിയെ ഹമാസ് സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്. ഹമാസ് സംഘം കടത്തിക്കൊണ്ടുപോകുന്നതിനിടെ ‘എന്നെ കൊല്ലരുതേ, നോ, നോ’ എന്ന് യുവതി വിളിച്ചുപറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായി അവശനായ യുവതിയുടെ ആണ്‍സുഹൃത്തും ഈ ദൃശ്യങ്ങളിലുണ്ട്.

നഥാനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് നഥാനെ മര്‍ദിച്ച് യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അതിനിടെ, ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ നോഹയുടെ പുതിയദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് മറ്റുസ്ഥിരീകരണങ്ങള്‍ ലഭ്യമല്ല.

നോഹയെ തട്ടിക്കൊണ്ടുപോയെന്ന വിവരമറിഞ്ഞതിന് പിന്നാലെ അവരുടെ മാതാപിതാക്കള്‍ സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്നായിരുന്നു യുവതിയുടെ സുഹൃത്തിന്റെ പ്രതികരണം. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നോഹ അടുത്തിടെയാണ് ശ്രീലങ്കയില്‍ പോയി മടങ്ങിയെത്തിയത്. മാതാപിതാക്കളുടെ ഏകമകളാണ്. നോഹയെ തട്ടിക്കൊണ്ടുപോയെന്ന വിവരമറിഞ്ഞതോടെ അവരുടെ മാതാപിതാക്കള്‍ കടുത്ത ആഘാതത്തിലാണെന്നും സുഹൃത്തായ അമീര്‍ മൊഹാദി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here