ഗസ്സ: ഗസ്സയെ കൂടുതല്‍ ഉപരോധത്തിലാക്കി ഇസ്‌റാഈല്‍. ഗസ്സ പൂര്‍ണമായും ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗസ്സയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വരെ തടയാനാണ് നീക്കം. ഗസ്സക്കുമേല്‍ നിര്‍ത്താതെ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സ സമ്പൂര്‍ണമായി പിടിച്ചെടുക്കാന്‍ കരയുദ്ധത്തിനുള്ള ഒരുക്കങ്ങളും ഇസ്‌റാഈല്‍ നടത്തുന്നുണ്ട്. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഒരു ലക്ഷത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
ഏത് നിമിഷവും കരമാര്‍ഗം ഗസ്സയില്‍ കടന്ന് ആക്രമണം നടത്താനാണ് നീക്കം. അതേസമയം, ഇസ്‌റാഈലിനുള്ളില്‍ കയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും പുറത്താക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്‌റാഈല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവരെ പൂര്‍ണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്‌റാഈല്‍ നീക്കം. ഇസ്‌റാഈലിന് പിന്തുണയുമായി അമേരിക്കന്‍ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തിയിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗത്തുമായി മരണം 1,100 കടന്നു.
ഗസ്സയിലെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 400ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്‌റാലിനുള്ളില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഇതില്‍ 73 പേര്‍ സൈനികരുമാണ്. 100 പേര്‍ ബന്ധികളായി തങ്ങളുടെ കൈകളിലുണ്ടെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇവരില്‍ യു.എസ് പൗരന്മാരുമുണ്ടെന്നാണ് സൂചന.