ടെൽ അവീവ്: ഹമാസ് ഗ്രൂപ്പിൽ നിന്നും ഗാസയിസെ അതിർത്തി പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഇസ്രയേൽ. യുദ്ധത്തിന്റെ നാലാം ദിനമായ ഇന്നലെ രാജ്യത്തിന്‍റെ അതിർത്തി മേഖലകൾ പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും സൈനിക വക്താവും അറിയിച്ചിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേല്‍ സൈന്യം. മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
‘യുദ്ധം തുടങ്ങിയിത് ഇസ്രയേൽ അല്ല, എന്നാൽ അവസാനിപ്പിക്കുക തങ്ങളാകുമെന്നാണ്’ സ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തങ്ങളുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു. പോരാട്ടം ഹമാസിനെ നശിപ്പിക്കാനും രാജ്യത്തിന്റെ സ്ഥിരതയ്‌ക്കും വേണ്ടിയുള്ളതാണെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ ആക്രമണമാണ് ഇസ്രയേൽ നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്.
ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രണമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തർകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. ഇസ്രയേലിൽ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.