ഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ‘ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം’ എന്നാണ് മോദി എക്സിൽ കുറിച്ചത്.
ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
അതേസമയം, യുദ്ധത്തിൽ മരണസംഖ്യ ഉയരുന്നതായാണ് റിപ്പോർട്ട്. ഇരുനൂറിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹമാസ് ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പറയുന്നു. ഇസ്രയേൽ ആക്രമണത്തിൻ 160 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.