ഇസ്രയേൽ ആക്രമണം: ഗസ്സയിൽ മരണം 313 ആയി; 400 പേരെ വധിച്ചെന്ന് ഇസ്രയേൽ

0
183

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ മരണം 313 ആയെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 1990 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 20 കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച ഇസ്രായേലികളുടെ എണ്ണം 300 കവിഞ്ഞിട്ടുണ്ട്. 1600 പേർക്ക് പരിക്കുണ്ട്. ഇവരിൽ 318 പേരുടെ നില ഗുരുതരമാണ്.

അതേസമയം, 400 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വരും ദിവസങ്ങൾ നിർണായകമെന്നും ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. എന്നാൽ ഇസ്രയേൽ പ്രദേശങ്ങളിൽ കൂടുതൽ പോരാളികളെ രംഗത്തിറക്കിയതായി ഹമാസും വ്യക്തമാക്കി.ഇന്നലെ ഉച്ചയോടെ ഗസ്സക്കുമേൽ ഇസ്രായേൽ ആരംഭിച്ച വ്യോമാക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 450 ഇടങ്ങളിൽ ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സിവിലിയൻ കെട്ടിടങ്ങൾ പലതും ആക്രമണത്തിൽ നിലംപൊത്തി.

രാവിലെ ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രത്തിൽ നിന്ന് ഇസ്രായേലിലെ മൂന്നിടങ്ങളിലേക്ക് ശക്തമായ ഷെല്ലാക്രമണം നടന്നു. ഇതിനു മറുപടിയായി ഇസ്രായേൽ സൈന്യം പ്രത്യാക്രമണം നടത്തി. ഗസ്സയോട് ചേർന്ന സിദ്‌റത്ത്, അഷ്‌കലോൺ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ ഭീതി വിതക്കുന്നതായി ഇസ്രായേൽ സുരക്ഷാ വിഭാഗം അറിയിച്ചു. എട്ടിടങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ജനങ്ങളോട് വീട് വിട്ടിറങ്ങരുതെന്ന് സൈന്യം നിർദേശിച്ചു. 26 സൈനികരുടെ മരണം ഇസ്രയേൽ സ്ഥീരീകരിച്ചിട്ടുണ്ട്. സൈനികർ ഉൾപ്പെടെ കാണാതായ നൂറോളം പേർക്കായി തെരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here