ഫെസ്റ്റിവൽ സെയിലിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് ഐഫോണുകൾ; റെക്കോർഡ് വിൽപ്പന

0
134

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഉത്സവകാല വിൽപ്പനയിൽ ആപ്പിൾ ഐഫോണുകൾ വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഫെസ്റ്റിവൽ സെയിലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഐഫോൺ വിൽപ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പതിവുപോലെ ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടും ആമസോണും ഇന്ത്യയിൽ റെക്കോർഡ് വിൽപനയാണ് ബിഗ് ബില്യൺ ഡേ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുകളിലൂടെ സ്വന്തമാക്കിയത്. കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകൾ അനുസരിച്ച്, സാംസങ്, ആപ്പിൾ, ഷവോമി ഉപകരണങ്ങൾക്കുള്ള ശക്തമായ ഡിമാൻഡ് കാരണം ഉത്സവ സീസണിലെ സ്മാർട്ട്‌ഫോൺ വിൽപ്പന കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ആഴ്ചയിൽ (ഒക്‌ടോബർ 8-15) മൂല്യത്തിൽ 25 ശതമാനം വർധിച്ചു.

ആദ്യ 48 മണിക്കൂറിനുള്ളിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും വിറ്റഴിച്ച ഫോണുകളിൽ 80 ശതമാനവും 5G ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ ​അപേക്ഷിച്ച് 50 ശതമാനത്തിന്റെ വലിയ വളർച്ചയാണ് ഫ്ലിപ്കാർട്ട് നേടിയത്. ഐഫോൺ 14, ഗാലക്‌സി എസ് 21 എഫ്ഇ എന്നീ മോഡലുകളാണ് പ്രീമിയ കാറ്റഗറിയിൽ ഫ്ലിപ്കാർട്ട് കൂടുതൽ വിറ്റഴിച്ചത്. അതേസമയം ആമസോണിൽ, പ്രീമിയം സെഗ്‌മെന്റ് വളർച്ച ഏകദേശം 200 ശതമാനമാണ്. ഐഫോൺ 13, ഗാലക്‌സി എസ് 23 എഫ്ഇ എന്നീ മോഡലുകളാണ് കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ.

ഈ വർഷം ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12 എന്നീ മോഡലുകൾക്ക് ഉയർന്ന ഡിമാന്റാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ഐഫോൺ 13-ന് മാത്രമായിരുന്നു കൂടുതൽ ഡിമാന്റുണ്ടായിരുന്നത്. സാംസങ് ഗാലക്‌സി എസ് 21 എഫ്ഇക്കും ഏറെ ആവശ്യക്കാരുണ്ടായി. ഫ്ലിപ്കാർട്ടിൽ വിൽപ്പന ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം മോഡൽ വിറ്റുതീർന്നിരുന്നു.

10,000-15,000 രൂപ വിലയുള്ള 5ജി ഫോണുകൾ ഇപ്രാവശ്യം വമ്പൻ വിൽപനയാണ് നേടിയത്. ​ഫെസ്റ്റിവൽ സീസൺ മുന്നിൽ കണ്ട് കമ്പനികൾ ഈ വിലയിൽ ഫോണുകൾ അവതരിപ്പിച്ചതോടെ ആളുകൾ കൂട്ടമായെത്തി വാങ്ങുകയായിരുന്നു. റിയൽമി നാർസോ 60എക്സ്, ഗാലക്സി എം14 5ജി, എം34 5ജി എന്നിവ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടവയാണ്, അതേസമയം വിവോ T2x ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here