ലോകകപ്പ് ഉദ്ഘാടനത്തിൽ മോദി സ്റ്റേഡിയം കാലി! നാണക്കേടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

0
205

അഹ്മദാബാദ്: ഏകദിന ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരം കാണാൻ വിരലിലെണ്ണാവുന്ന കാണികളാണ് എത്തിയത്. ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.

1.15 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറിയാണ് പൂർണമായി ഒഴിഞ്ഞുകിടക്കുന്നത്. വെറും പതിനായിരത്തിനടുത്ത് കാണികളാണു മത്സരം വീക്ഷിക്കാനെത്തിയതെന്നാണ് റിപ്പോർട്ട്.

സംഘാടകർക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഈ കാഴ്ചയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ‘ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തത്. ആതിഥേയരാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തിൽ ഉൾപ്പെടുത്താത്തതിൽ ചോദ്യങ്ങളുയർന്നിട്ടുണ്ടെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ടിൽ പറയുന്നു. ഉദ്ഘാടനം നടന്ന് ദേശീയഗാനം ആലപിക്കുമ്പോൾ വെറും 3000-4000 കാണികളാണ് ഗാലറിയിലുണ്ടായിരുന്നതെന്നാണ് ‘വിസ്ഡൺ ക്രിക്കറ്റ്’ എഡിറ്റർ ലോറൻസ് ബൂത്ത് ‘എക്‌സി’ൽ കുറിച്ചത്.

ഇന്ത്യക്കാർ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോർട്ടർ ടിം വിഗ്‌മോർ ചോദിച്ചു. ടിക്കറ്റുകൾ വൈകി വിറ്റതും വേദിമാറ്റങ്ങളും മോശം മാർക്കറ്റിങ്ങുമെല്ലാം കാരണമായേക്കാമെന്നും അദ്ദേഹം എക്‌സിൽ അഭിപ്രായപ്പെട്ടു. 1996ൽ ഇതേ അഹ്മദാബാദിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് മത്സരത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ചാണ് ക്രിക്കറ്റ് വിദഗ്ധൻ ഡാനിയേൽ ബ്രെറ്റിഗ് സംഘാടനത്തിലെ വീഴ്ച തുറന്നുകാട്ടിയത്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകക്കൂട്ടായ്മയായ ബാർമി ആർമിയും ഗാലറിയിൽനിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് പരോക്ഷ പരിഹാരമെറിഞ്ഞിട്ടുണ്ട്.

അതേസമയം, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയയ്ക്കപ്പെട്ട ഇംഗ്ലണ്ട് 40 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 224 എന്ന നിലയിലാണുള്ളത്. അർധസെഞ്ച്വറിയുമായി ജോ റൂട്ടാണ് ഇംഗ്ലീഷ് പടയെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here