അനധികൃത മണല്‍ക്കടത്ത്: മൊഗ്രാല്‍ പുത്തൂരില്‍ 12 തോണികള്‍ നശിപ്പിച്ചു

0
126

മൊഗ്രാൽപുത്തൂർ: അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. മൊഗ്രാൽപൂത്തൂരിൽ അനധികൃതമായി മണലെടുക്കുകയായിരുന്ന 12 തോണികൾ പൊലീസ് പൊളിക്കുകയും കടവ് തകർക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് കാസർകോട് ഇൻസ്പെക്ടർ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയോരത്തും പുഴയിലുമായി സൂക്ഷിച്ച തോണികൾ പൊളിച്ചത്. പുഴയിൽ നിന്നു അനധികൃതമായി വൻതോതിൽ മണൽക്കടത്തുകയാണെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടർന്നാണു പൊലീസ് സംഘം പരിശോധന നടത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിലുമാണ് മണൽവാരുന്നത്. അനധികൃതമായി വാരുന്ന മണൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് സൂക്ഷിക്കുന്നത്. അവിടെ നിന്നു രാത്രിയാണ് ടിപ്പർ ലോറികളിൽ ആവശ്യക്കാർക്കു എത്തുന്നത്.

12,000 മുതൽ 16,000 രൂപയ്ക്കാണ് ഓരോ സ്ഥലങ്ങളിലേക്കുമായി ഒരു ലോഡ് മണലിനു ആവശ്യക്കാർ വാങ്ങുന്നത്. മണൽ സൂക്ഷിക്കുന്ന സ്ഥലയുടമകൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു. എസ്ഐമാരായ എം.വി.വിഷ്ണുപ്രസാദ്, കെ.വി.ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽജലീൽ, പി.വി.കൃശോഭ്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് മയിച്ച, കെ.വി.നീരജ് പെരളം, അജയൻവിൽസൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here