കുട്ടികളുടെ ഫോണ്‍ ഉപയോഗം എങ്ങനെ കുറയ്ക്കാം? ഇതാ ഫലപ്രദമായ മാര്‍ഗങ്ങള്‍…

0
292

സ്മാര്‍ട് ഫോണുകളുടെ വരവോടെ ആളുകളിലെല്ലാം ഫോണ്‍ ഉപയോഗം അമിതമായിരിക്കുന്നു. മുമ്പെല്ലാം കൗമാരക്കാരും യുവാക്കളുമാണ് ഫോണില്‍ കൂടുതല്‍ സമയം ചിലവിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ പ്രായമായവരും കുട്ടികളുമാണ് ഫോണില്‍ ഏറിയ സമയവും കളിച്ചിരിക്കുന്നത്.

കുട്ടികളുടെ പഠനം, അവരുടെ വളര്‍ച്ചയുടെ സുപ്രധാനമായ സമയം എന്നിവയെല്ലാം ഇങ്ങനെ ഫോണില്‍ പോകുന്നത് തീര്‍ച്ചയായും മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഏത് പ്രയാക്കാരായാലും ഫോണില്‍ അധികസമയം ചെലവിടുന്നത് തീര്‍ച്ചയായും പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. ഇവയൊന്നും തന്നെ നിസാരമാക്കി കണക്കാക്കുകും അരുത്.

എന്തായാലും കുട്ടികളിലെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ സഹായകമായ, ഫലപ്രദമായ ചില പോംവഴികളാണിനി നിര്‍ദേശിക്കുന്നത്. ഇവ നിങ്ങള്‍ക്ക് വീടുകളില്‍ പരീക്ഷിക്കാവുന്നതും പരിശീലിപ്പിക്കാവുന്നതുമാണ്. 

ഒന്ന്…

കുട്ടികളെ എല്ലായ്പോഴും അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കാതെ അല്‍പമൊക്കെ അധികാരം മാതാപിതാക്കള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഫോണുപയോഗത്തിലും ഇത് പ്രാവര്‍ത്തികമാക്കുക. ശ്രദ്ധിക്കുക, പതിനെട്ട് വയസിന് താഴെയുള്ളവരുടെ കാര്യത്തിലേ ഇത്ര വാശി പിടിക്കാവൂ. അതും ഫോൺ ഉപയോഗം അമിതമാണെങ്കില്‍ മാത്രം. വെറുതെ ശാഠ്യവും അധികാരവും പ്രയോഗിച്ചാല്‍ കുട്ടികളില്‍ നിന്ന് വിപരീതമായ ഫലമായിരിക്കും കിട്ടുക. 

രണ്ട്…

ഫോണ്‍ നല്‍കുന്ന സന്തോഷങ്ങള്‍ക്ക് പകരമായി മറ്റ് സന്തോഷങ്ങള്‍ കുട്ടികള്‍ക്ക് മുന്നിലുണ്ടാകണം. വീട്ടിലെല്ലാവരും ഒത്തുകൂടുമ്പോള്‍ പോസിറ്റീവായ അന്തരീക്ഷമാണെങ്കില്‍ കുട്ടികള്‍ തീര്‍ച്ചയായും അതില്‍ പങ്കാളിയാകും. അതിനാല്‍ വീട്ടിലെ അന്തരീക്ഷം പരമാവധി പോസിറ്റീവാക്കി നിര്‍ത്തണം. ഇത് അഭിനയമായി പോകരുത്. ആത്മാര്‍ത്ഥമായും ജീവിതരീതിയെ ഇത്തരത്തില്‍ പോസിറ്റീവാക്കി മാറ്റുക. 

പൂന്തോട്ട പരിപാലനം, പാചകം, ആസ്വാദ്യകരമായ രീതിയിലുള്ള ഹോം ക്ലീനിംഗ്, സംസാരം, കലാ- കായികമായ വിനോദങ്ങള്‍, ഒരുമിച്ചുള്ള വ്യായാമം, നടത്തം, നീന്തല്‍, സൈക്ലിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കെല്ലാം കുട്ടികളെ അവരുടെ അഭിരുചിക്ക് കൂടി അനുസരിച്ച് കൊണ്ടുവരിക. സന്തോഷം കണ്ടെത്താനായാല്‍ അവര്‍ ഇവയ്ക്ക് വേണ്ടിയും സമയം ചിലവിടാൻ തയ്യാറാകും. അതിലൂടെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താം. 

മൂന്ന്…

ഏത് കാര്യത്തിനായാലും കുട്ടികള്‍ക്ക് മാതൃക മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരുമാണ്. അതിനാല്‍ തന്നെ കുട്ടികളിലെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണമെങ്കില്‍ ആദ്യം മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്ന അംഗങ്ങളും ഇത് പാലിക്കാൻ തയ്യാറാകണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ട് കുട്ടികളെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. 

നാല്…

അമിതമായ ഫോണുപയോഗം ഉണ്ടാക്കുന്ന ശാരീരിക- മാനസികപ്രശ്നങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കണം. ഇതിന് വിദഗ്ധരുടെ സഹായം ആവശ്യമാണെങ്കില്‍ അതും ഏര്‍പ്പെടുത്തി നല്‍കുക. ആരോഗ്യകരമായ രീതിയില്‍ തന്നെ കുട്ടികളുടെ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനായില്ലെങ്കില്‍ രക്ഷാധികാരിയുടെ അധികാരത്തില്‍ നിങ്ങള്‍ക്ക് താക്കീത് ചെയ്യാവുന്നതാണ്. എന്നാല്‍ എപ്പോഴും സൗഹൃദമാണ് കുട്ടികളെ നയിക്കാൻ ഏറ്റവും മികച്ച രീതി. അത് ആത്മാര്‍ത്ഥമായി അവലംബിക്കുക. കുട്ടികളെ സുഹൃത്തുക്കളായി തന്നെ കണ്ട് അവരില്‍ മാറ്റങ്ങളുണ്ടാക്കാം. 

അഞ്ച്…

മറ്റുള്ള ആളുകളുമായി കുട്ടികള്‍ ഇടപഴകുന്നത് കുറവാണെങ്കില്‍ അതും പരിശീലിപ്പിക്കണം. ഇതെല്ലാം ഭാവിയിലേക്ക് അവര്‍ക്ക് തന്നെ ഉപകരിക്കും. ഇക്കാര്യവും അവരെ ഓര്‍മ്മപ്പെടുത്തണം. കുറഞ്ഞപക്ഷം വീട്ടിലുള്ളവരുമായെങ്കിലും ദിവസവും അല്‍പസമയം കുട്ടികള്‍ സംസാരിക്കണം. അതിനുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരിക്കണമെന്നതും പ്രധാനമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here