കാസർകോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പിൽ നിർത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച് മതസ്പർധ വളർത്താൻ സംഘ്പരിവാർ ശ്രമം. ബുർഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസിൽ കയറാൻ മുസ്‌ലിം സ്ത്രീകൾ അനുവദിക്കില്ലെന്നാണ് വീഡിയോ പങ്കു വച്ച് ട്വിറ്ററിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ അല്ലാഹുവിന്റെ സ്വന്തം നാടെന്ന കുറിപ്പോടെയാണ് പ്രചരണം.
‘ആനന്ദ് നായർ’ എന്ന ട്വിറ്റർ അക്കൗണ്ടാണ് സംഭവത്തിന്റെ വീഡിയോ അടക്കം പങ്കു വച്ച് തെറ്റിദ്ധാരണ പടർത്തുന്നത്. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ഇപ്പോൾ ഹിന്ദു സ്ത്രീകൾ തല മറയ്ക്കണമെന്നായി എന്നും മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിനെതിരെ രാഹുൽ ഈശ്വർ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ബുർഖ ഇടാതെ ഹിന്ദു സ്ത്രീകളെ ബസിൽ കയറ്റില്ലെന്ന് വീഡിയോയിൽ എവിടെയാണ് പറയുന്നതെന്നും കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാഹുൽ ട്വീറ്റിന് താഴെ കുറിച്ചു. കേരള പൊലീസിനെ ടാഗ് ചെയ്ത് ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറും രംഗത്തെത്തി. സാമുദായിക സ്പർധ വളർത്തുന്ന അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് സുബൈർ കുറിച്ചത്.
ശനിയാഴ്ചയാണ് കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്‌കര നഗറിൽ വിദ്യാർഥിനികൾ ബസ് തടഞ്ഞത്. കോളജിന് മുൻവശം ആർടിഒ സ്‌റ്റോപ്പ് അനുവദിച്ച് വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചിരുന്നെങ്കിലും ബസുകൾ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് വിദ്യാർഥിനികൾ ബസ് തടഞ്ഞത്.
കുമ്പള ടൗണിൽ സംഘടിച്ചെത്തിയ വിദ്യാർഥിനികൾ റോഡിന് കുറുകെ നിന്ന് ബസുകൾ തടയുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർഥിനികൾ പിരിഞ്ഞത്.
Congrats hindus, Kerala.
Muslim women passengers say they will not allow women in bus without burqa. Now, Hindus have to cover their head to travel by public transport.
Surprisingly, this incident is not covered by the news media.
Goods own country is now allah's own country pic.twitter.com/Z2DN16jysf— 𝙰𝖓𝖆𝖓𝚍i N𝔞𝔦𝔯 ❤️ॐ (@Anandi_sanatani) October 27, 2023