‘ഫലസ്തീൻ യുക്രൈനല്ല’; യു.എസിനു മുന്നറിയിപ്പുമായി ഹിസ്ബുല്ലയും റഷ്യയും

0
301

മോസ്‌കോ: ഫലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ ഇടപെടാനുള്ള യു.എസ് നീക്കത്തിനെതിരെ ഭീഷണിയും മുന്നറിയിപ്പുമായി ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയും റഷ്യയും. യുദ്ധത്തിൽ യു.എസ് ഇടപെട്ടാൽ മേഖലയിലെ അവരുടെ മുഴുവൻ താവളങ്ങൾക്കുനേരെയും ആക്രമണമുണ്ടാകുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. പുറത്തുനിന്നുള്ള കക്ഷി യുദ്ധത്തിൽ ഇടപെടുന്നത് വൻ അപകടമാകുമെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്.

ഇസ്രായേലിനെ സഹായിക്കാൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയയ്ക്കുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹിസ്ബുല്ലയും റഷ്യയും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇങ്ങനെ കയറി ഇടപെടാൻ ഫലസ്തീൻ യുക്രൈനല്ലെന്ന് ഹിസ്ബുല്ല വക്താവ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ‘യു.എസ് നേരിട്ട് ഇടപെട്ടാൽ മേഖലയിലുള്ള മുഴുവൻ യു.എസ് താവളങ്ങളും നിയമത്തിന്റെ പിന്തുണയോടെ പ്രതിരോധ അച്ചുതണ്ടിന്റെ ലക്ഷ്യങ്ങളായി മാറും. ഞങ്ങളുടെ ആക്രമണം നേരിടേണ്ടിയും വരും. അന്നുപിന്നെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ല.’-വാർത്താകുറിപ്പിൽ മുന്നറിയിപ്പ് നൽകി.

ഈ സംഘർഷത്തിൽ പുറത്തുനിന്നൊരു കക്ഷി ഭാഗമാകുന്നത് അത്യധികം അപകടകരമാണ്. അനുരഞ്ജന നടപടികളിലേക്കു കടക്കാനുള്ള സാധ്യമായ വഴികൾ എത്രയും പെട്ടെന്ന് കണ്ടെത്തൽ വളരെ പ്രധാനമാണ്-ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ‘ടാസ്’ റിപ്പോർട്ട് ചെയ്തു.

മുൻ യു.എസ് പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ പേരിലുള്ള പടക്കപ്പലാണ് യു.എസ് സൈനികനീക്കത്തിനു മുന്നിലുള്ളത്. നിലവിൽ ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണിത്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 500 കടന്നതായാണു പുതിയ റിപ്പോർട്ട്. ഹമാസ് ആക്രമണത്തിൽ ഇസ്രായേൽ സൈനികർ ഉൾപ്പെടെ 800 പേർക്കു ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇരുഭാഗത്തുമായി 5,000ലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here