തൃശൂർ : പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ 25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി തന്‍റെ മാതാവിന് അയച്ച് കൊടുത്തിരുന്നു.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പൊലീസ് മരിച്ച യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി മരിച്ച അന്ന് തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഭർത്താവ് സൈനുൽ ആബിദിനെതിരെയാണ് കേസെടുത്തത്. സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി പറഞ്ഞിരുന്നു. 8 വർഷം മുമ്പാണ് സബീനയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ആദ്യം നാളുകളിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏഴു വർഷമായി ഭർത്താവ് നിരന്തരം സബിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു.
മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികൾ പൂർത്തിയാക്കുകയും മൂത്ത മകനെ മദ്രസ്സയിൽ പറഞ്ഞയക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് തൊട്ടുമുമ്പ് വിദേശത്തുള്ള ഭർത്താവ് സബീനയെ ഫോണിൽ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ മരിക്കാൻ തീരുമാനിക്കുന്നതെന്നും ഭർത്താവിന്‍റെ ഫോൺവിളിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സബീനയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. മരിക്കാൻ തീരുമാനിച്ച സബീന കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. ഫോട്ടോ കണ്ട് ഭയന്ന മാതാവ് പലവട്ടം വിളിച്ചെങ്കിലും സബീന ഫോൺ എടുത്തില്ല. തുടർന്ന് മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും അപ്പോഴേക്കും സബീന ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. ഭർത്താവിന്റെ ഫോൺ വിളിയാണു മകളെ മരണത്തിലേക്കു നയിച്ചതെന്നാണു സലീം പറയുന്നത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)