ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്‌വെയില്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു

0
243

ഹരാരെ: സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേര്‍ കബീര്‍ സിങ് റണ്‍ധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഇവര്‍ക്കുപുറമേ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖനന വ്യവസായിയായ ഹര്‍പാലും മറ്റ് ആറുപേരും സഞ്ചരിച്ച സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്‌വെയിലെ ഒരു വജ്ര ഖനിക്ക്‌ സമീപം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു.

സ്വര്‍ണ്ണ, കല്‍ക്കരി ഖനനവും, നിക്കല്‍ കോപ്പര്‍ മൂലകങ്ങള്‍ സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്ന വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. ജെം ഹോള്‍ഡിങ്‌സ് എന്ന പേരില്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയും ഇദ്ദേഹം നടത്തുന്നുണ്ട്.

റിയോസിമ്മിന്റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 ഒറ്റ എഞ്ചിന്‍ വിമാനത്തിലായിരുന്നു ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേറും സഞ്ചരിച്ചിരുന്നത്. ഹരാരെയില്‍നിന്ന് മുറോവയിലെ വജ്രഖനിയിലേക്ക് പോവുകയായിരുന്നു ഇരുവരും. റിയോസിമ്മിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ ഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here