അവള്‍ തിരികെ വരുമോയെന്ന് സഹോദരി, വിതുമ്പി അനിയന്‍; സ്വര്‍ഗത്തിലേക്ക് പോയെന്ന് ശകാരിച്ച് ഹമാസ് |VIDEO

0
244

ജറുസലേം: തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്‌. സംഘര്‍ഷപൂരിതമായ ഇസ്രയേലിലും പലസ്തീനിലുംനിന്നുള്ള നിരവധി ഹൃദയഭേദകക്കാഴ്ചകള്‍ ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

യുദ്ധഭീതി നിറഞ്ഞ ഇടങ്ങളില്‍ ജനങ്ങള്‍ എങ്ങനെ കഴിച്ചുകൂട്ടുന്നുവെന്ന ആശങ്ക ലോകത്തിന്റെ മറുഭാഗങ്ങളിലുള്ളവരില്‍
ഈ കാഴ്ചകള്‍ വര്‍ധിപ്പിക്കുകയാണ്. ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു വീഡിയോ ദൃശ്യം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹനന്യ നഫ്താലി എന്ന മാധ്യമപ്രവര്‍ത്തകന്‍. പ്രശ്‌നപരിഹാരത്തിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് ലോകരാഷ്ട്രത്തലവന്‍മാരോട് ഹനന്യ നഫ്താലി പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

ഇസ്രയേലിലെ ഒരു വീട്ടില്‍ കടന്നുകയറിയ ഹമാസ് ഭീകരര്‍ അച്ഛനും അമ്മയും കുട്ടികളുമടങ്ങുന്ന കുടുംബത്തെ ബന്ദികളാക്കിയിരിക്കുന്നതിന്റേയും അവരുടെ ഭയപ്പാടിന്റേയും മൂത്ത പെണ്‍കുട്ടിയെ അക്രമികള്‍ കൊലപ്പെടുത്തിയതില്‍ ഇളയകുട്ടികളുടെ ദുഃഖത്തിന്റേയും നേര്‍ക്കാഴ്ചയാണ് നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഇസ്രയേലില്‍ നടക്കുന്ന റോക്കറ്റ്ആക്രമണങ്ങളുടെ സ്‌ഫോടന ശബ്ദങ്ങളും വീഡിയോയില്‍ കേള്‍ക്കാനാകും. അക്രമികളുടെ ശകാരവും വീഡിയോയില്‍ കേള്‍ക്കാം. പതിനെട്ടുകാരിയെ അക്രമികള്‍ കുടുംബത്തിനുമുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് മനസിലാക്കാനാകുന്നത്.

അവള്‍ മരിക്കണ്ടായിരുന്നുവെന്ന് വിതുമ്പിക്കൊണ്ട് പറയുന്ന ഇളയ സഹോദരന്‍ നൊമ്പരമുണര്‍ത്തുന്നു. അതിലേറെ ഹൃദയഭേദകമായത് സഹോദരിയുടെ ചോദ്യമാണ്. “അവള്‍ തിരിച്ചുവരാനിടയുണ്ടോ?”, “മിണ്ടാതിരിയ്ക്ക് അവള്‍ സ്വര്‍ഗത്തിലേക്ക് പോയി” എന്ന് അക്രമികള്‍ ശബ്ദമുയര്‍ത്തി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അടുത്തേക്ക് ചേര്‍ന്നിരിക്കാനും ഇനിയൊരാളെക്കൂടി നഷ്ടപ്പെടാനാകില്ലെന്ന് കുട്ടികളോട് പറയുന്ന നിര്‍ഭാഗ്യവതിയായ അമ്മയും കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന അച്ഛനും ഒരിക്കലും മറക്കാനാകാത്ത കാഴ്ചയാണ്.

സ്‌ഫോടനശബ്ദം കേള്‍ക്കുന്നതോടെ മക്കളെ നിലത്ത് കിടത്തി അവര്‍ക്ക് ആപത്തുണ്ടാകാതിരിക്കാന്‍ അവുടെ മുകളിലായി കിടക്കുന്ന ആ അച്ഛനമ്മമാര്‍ കണ്ണില്‍ നോവ് പടര്‍ത്തും. അച്ഛന്‍റെ കൈയില്‍ ഉണങ്ങിപ്പിടിച്ച ചോര കാണുന്ന ഇളയ മകന്‍ അച്ഛന്റെ കൈയില്‍ എന്താ ചോര പറ്റിയിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതും കാണാം. ഒരോ സ്‌ഫോടനശബ്ദത്തിലും വീണ്ടും വീണ്ടും ഞെട്ടിത്തരിക്കുന്ന ആ കുടുംബം ഇസ്രയേലിലും പലസ്തീനിലുമുള്ള ലക്ഷക്കണക്കിനാളുകളുടെ അശാന്തജീവിതസാഹചര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here