വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും വളരെ വ്യാപകമായി പ്രചരിക്കുന്ന ഇക്കാലത്ത് ചിത്രങ്ങൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ‘ഫാക്ട് ചെക്ക് ടൂൾ’ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈനിൽ കാണുന്ന ചിത്രങ്ങളുടെ ‘എബൗട്ട് ദിസ് ഇമേജ്’ ഓപ്ഷൻ ഉപയോഗിച്ച് ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കണ്ടെത്താനാകും.
ഈ ടൂളിലൂടെ ഉപയോക്താക്കൾക്ക് ഒരു ചിത്രത്തിന്റെ വിശ്വാസ്യതയും പശ്ചാത്തലവും പരിശോധിക്കാൻ സാധിക്കും. മാത്രവുമല്ല ഈ ടൂളിലൂടെ ചിത്രത്തിന്റെ ചരിത്രവും മെറ്റാഡാറ്റയും ഏതെല്ലാം വെബ്‌സൈറ്റുകളിൽ ഈ ചിത്രം ഉപയോഗിച്ചുണ്ടെന്നും കണ്ടെത്താനാകും. ഗൂഗിൾ ഇമാജ്‌സിലുള്ള ചിത്രിത്തിന് മുകളിലുള്ള ‘ത്രീ ഡോട്ട്‌സ്’ ക്ലിക്ക് ചെയ്‌തോ അല്ലെങ്കിൽ ‘മോർ എബൗട്ട് ദിസ് പേജ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചോ ഈ ടൂൾ ഉപയോഗിക്കാനാകും.
ചിത്രത്തിന്റെ ചരിത്രം അറിയുന്നതിലൂടെ ഉപയോക്താവ് സെർച്ച് ചെയ്യുന്ന ചിത്രമോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് ചിത്രങ്ങളോ എന്നു പോസ്റ്റ് ചെയ്തതാണെന്നും ഏതെല്ലാം കാലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്താൻ സഹായിക്കും. ചിത്രത്തിന്റെ മെറ്റാഡാറ്റ ലഭ്യമാകുന്നതിലൂടെ ചിത്രം ക്രിയേറ്റ് ചെയ്തവരെ കുറിച്ചും പബ്ലിഷ് ചെയ്തവരെകുറിച്ചും അറിയാൻ സാധിക്കും. മാത്രവുമല്ല എ.ഐ ജനറേറ്റഡ് ചിത്രമാണോയെന്ന് പരിശോധിക്കാനുമാകും. ഇതുകൂടാതെ വാർത്തകളും മറ്റ് ഫാക്ട് ചെക്കിംഗ് സൈറ്റുകളും ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ലഭ്യമാകും.
അംഗീകൃത മാധ്യമപ്രവർത്തകർക്കും ഫാക്ട് ചെക്കേഴ്‌സിനും ചിത്രം അവരുടെ ഫാക്ട് ചെക്കിംഗ് സെർച്ച് എ.പി.ഐയിൽ ഉപയോഗിക്കാനും ചിത്രത്തിന്റെ യു.ആർ.എൽ കോപ്പി ചെയ്ത് ഉപയോഗിക്കാനും സാധിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. കഴിഞ്ഞ ജൂൺ മുതൽ ഈ ടൂൾ കമ്പനി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു ചിത്രത്തെക്കുറിച്ചുള്ള വസ്തുതാ പരിശോധനകളും റഫറൻസുകളും കണ്ടെത്താൻ ഫാക്ട് ചെക്കർ ടൂളിന് സാധിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു.