പാന്റില്‍ പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി ബെംഗളുരു വിമാനത്താവളത്തില്‍ പിടിയില്‍. ഞയറാഴ്ച രാത്രി കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്ന ഇയാളില്‍ നിന്ന് 3.7 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇയാളുടെ കൂട്ടാളിയായ മറ്റൊരു യാത്രക്കാരനില്‍ നിന്നു 7.8 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി.
ഞയറാഴ്ച രാത്രി കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരം നേരത്തെ കസ്റ്റംസിനു കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ േശഖരിച്ചു സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനിടെയാണു മലയാളിയെ ശ്രദ്ധയില്‍പെട്ടത്. വസ്ത്രങ്ങളഴിപ്പിച്ചു പരിശോധിച്ചപ്പോള്‍ സംശയമൊന്നും തോന്നിയില്ല. പാന്റിന് അസാധാരണ കനം തോന്നിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു. അരഭാഗത്ത് രണ്ടു തുണികള്‍ ഒന്നിച്ച് തുന്നിയ ഭാഗം തുറന്നപ്പോഴാണ് സ്വര്‍ണപാന്റ് അനാവരണമായത്.
മൂന്നുലക്ഷം എഴുപത്തിനായിരം രൂപ വിലവരുന്ന 74.5 ഗ്രാം സ്വര്‍ണമാണ് മിശ്രിതമായി പാന്റില്‍ തേച്ചു പിടിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇയാളുടെ സഹയാത്രകനെയും വിശദമായി പരിശോധിച്ചു. രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 155.3 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടികൂടി. നികുതിയും പിഴയും അടച്ചു സ്വര്‍ണം വിട്ടുകൊടുക്കുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തതിനാല്‍ ഇരുവരുടെയും പേരുവിരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടില്ല. അതേസമയം വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ 1.7 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് െബംഗളുരു വിമാനത്താവളത്തില്‍ മാത്രം പിടികൂടിയത്.