മിസൈലുകൾ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാർന്ന് ഇസ്രയേൽ തെരുവുകളും ഗാസ മുനമ്പും, കണ്ണീർ കാഴ്ച…

0
219

ടെല്‍ അവീവ്:  യുദ്ധവും സംഘർഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേർ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്പും. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീർ കാഴ്ചകളാൽ നിറയുകയാണ്. ഇസ്രയേൽ അതിർത്തി കടന്ന ഹമാസ് സായുധ സംഘം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമാണ്.

തെക്കൻ ഇസ്രയേലിൽ സംഗീത പരിപാടിക്ക് നേരെ നടന്നത് നിഷ്ടൂരമായ വെടിവയ്പ്പായിരുന്നു. തുറന്ന സ്ഥലത്ത് പാട്ടാസ്വദിച്ചിക്കുന്നവർക്ക് നേരയായിരുന്നു ആയുധ പ്രയോഗം. ഷെൽട്ടറുകളോ അഭയസ്ഥാനമോ കണ്ടെത്താനാകാതെ ആയിരങ്ങൾ ചിതറി ഓടി. ഇവരെ ഹമാസ് ആയുധധാരികൾ പിന്തുടർന്ന് വെടിയുതിർത്തു. 260 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് മാത്രം കണ്ടെത്തിയത്. തെരുവുകളിൽ ആരും തിരിഞ്ഞ് നോക്കാത്ത മൃതദേഹങ്ങൾ നിരവധിയാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി സ്ത്രീകളും കുഞ്ഞുങ്ങളും കണ്ണീർ കാഴ്ചയാണ്.

ഇസ്രയേൽ തെരവുകളിൽ വെടിയൊച്ച നിലച്ചതിന് പിറകെയാണ് ഗാസയിൽ നിന്നും കൂട്ട നിലവിളിയുയർന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ. തെരുവുകൾ നിറയെ മൃതദേഹങ്ങൾ. അനാഥരാക്കപ്പെട്ട കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ. വീടും ഭക്ഷണവുമില്ലാതെ തെരുവിൽ അലയുന്നവർ. കുട്ടികളേയും ചേർത്ത് പിടിച്ച് രക്ഷാ സ്ഥാനം തേടുന്ന അമ്മമാർ. കൂട്ട കുഴിമാടങ്ങൾ, ഇസ്രായേലിന് സമാനമാണ് ഗാസയിലെയും സ്ഥിതി. മൃദദേഹങ്ങളുമായുള്ള വിലാപ യാത്രയും, മാരകമായി മുറിവേറ്റവരാലും ഗാസയുടെയും ചോര വീഴ്ത്തി. വൈദ്യുതിയും വൊള്ളവുമില്ലാത്തതിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍. മതിയായ മരുന്നും സൗകര്യങ്ങളുമില്ലാതെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുദ്ധം സൃഷ്ടിക്കുന്ന വാക്കുകൾക്കപ്പുറമുള്ള കെടുതികളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് ഈ കാഴ്ചകൾ.

അതേസമയം ഇസ്രായേൽ – പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.  സംഘർഷം വർധിപ്പിക്കാതിരിക്കാൻ ഹിസ്‌ബുള്ള പോലുള്ള സംഘടനകൾക്ക് മുന്നറിയിപ്പ് നൽകാനാണ് അമേരിക്കയുടെ സൈനിക നീക്കങ്ങളെന്നാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here