ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഒരുവര്‍ഷവും മൂന്ന് മാസവും തടവ്

0
204

കാസര്‍കോട്: ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്.

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2015 നവംബര്‍ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ഷന്‍ ഹിയറിംഗ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗില്‍ ഏര്‍പ്പെട്ടിരുന്നത്.

അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here