കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

0
248

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നു. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പൂര്‍ണിമ അതു ലഭിക്കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഹിരിയൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് പൂര്‍ണിമയോട് വലിയ ബഹുമാനമാണെന്നും ബി.ജെ.പിയില്‍ നിന്നും പുറത്തുപോകാന്‍ കാരണമൊന്നുമില്ലെന്നും ഹിരിയൂർ താലൂക്ക് ബി.ജെ.പി പ്രസിഡന്‍റ് വിശ്വനാഥ് ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു.

ഭരണകക്ഷിയില്‍ അധികാരത്തിനായുള്ള ആഗ്രഹം പോലുള്ള വ്യക്തിപരമായ അജണ്ട അവര്‍ക്കുണ്ടായിരിക്കാമെന്നും അതുകൊണ്ടാണ് ബി.ജെ.പി വിടാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് അദ്ദേഹം നിഷേധിച്ചു. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടി നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പൂര്‍ണിമക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് പൂർണിമ കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കൃഷ്ണപ്പയുടെ മകളാണ് പൂർണിമ ശ്രീനിവാസ്.30 വര്‍ഷത്തോളം അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ജെഡിഎസിലേക്ക് ചേക്കേറിയ കൃഷ്ണപ്പ 2013ലെ തെരഞ്ഞെടുപ്പിൽ ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.കോൺഗ്രസ് സ്ഥാനാർഥി ഡി.സുധാകറാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 2018ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണപ്പയുടെ മകൾ പൂർണിമ സുധാകറിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here