20 ദിവസത്തിനിടെ കുടുംബത്തിലെ അഞ്ചുപേരെ വിഷംനല്‍കി കൊന്നു; ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

0
167

മുംബൈ: കൂടത്തായി കൊലക്കേസിന് സമാനമായരീതിയില്‍ ഗഡ്ചിരോളിയില്‍ കുടുംബത്തിലെ അഞ്ചുപേരെ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ വിഷംകൊടുത്ത് കൊന്നു. 20 ദിവസത്തിനിടെയാണ് ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ കുംഭാരെ, മക്കളായ റോഷന്‍, കോമള്‍, ആനന്ദ എന്നിവര്‍ മരിച്ചത്. റോഷന്റെ ഭാര്യ സംഘമിത്ര, ശങ്കറിന്റെ ഭാര്യാസഹോദരന്റെ ഭാര്യ റോസ എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തെ ഒന്നാകെ കൊല്ലാന്‍ ഇരുവരും നേരത്തേ തീരുമാനിച്ചെന്ന് പോലീസ് പറയുന്നു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റോഷനെ വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് സംഘമിത്രയുടെ അച്ഛന്‍ ആത്മഹത്യചെയ്തിരുന്നു. സംഘമിത്രയെ റോഷനും കുടുംബവും നിരന്തരം അവഹേളിച്ചിരുന്നു. ഇതാണ് ഇവര്‍ക്ക് കുടുംബത്തോട് വിരോധമുണ്ടാകാന്‍ കാരണം. റോസയ്ക്കാകട്ടെ കുടുംബസ്വത്ത് ഭാഗംവെക്കുന്നതിലുള്ള തര്‍ക്കമാണ് വിരോധത്തിന് കാരണമായത്. റോസ തെലങ്കാനയില്‍നിന്നാണ് വിഷം സംഘടിപ്പിച്ചത്. ഇവര്‍ ഇത് കുംഭാരെകുടുംബത്തിലെ അംഗങ്ങള്‍ക്ക് പലപ്പോഴായി നല്‍കി.

കാലിലും കൈയിലും പുറത്തും വേദന തുടങ്ങിയ ഇവരുടെ ചുണ്ടുകള്‍ക്ക് കറുത്തനിറം വന്നിരുന്നു. ആരോഗ്യം ക്ഷയിക്കാന്‍തുടങ്ങിയതോടെ ശങ്കറിനെയും ഭാര്യയെയും സെപ്റ്റംബര്‍ 20-ന് ചന്ദ്രാപുരിലെ ആശുപത്രിയിലേക്കും പിന്നീട് നാഗ്പുരിലേക്കും മാറ്റി. സെപ്റ്റംബര്‍ 26-ന് ശങ്കറും തൊട്ടടുത്തദിവസം ഭാര്യയും മരിച്ചു. പിന്നീടാണ് മക്കള്‍ക്കും ഇതേ രോഗലക്ഷണം തുടങ്ങിയത്. ഒക്ടോബര്‍ എട്ടിനും 15-നുമിടയിലായി മൂന്നുപേരും മരിച്ചു. സംഭവമറിഞ്ഞ് ഡല്‍ഹിയിലുണ്ടായിരുന്ന ശങ്കറിന്റെ മറ്റൊരു മകന്‍ സാഗര്‍ സ്ഥലത്തെത്തി.

മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ ഡല്‍ഹിയിലെത്തിയപ്പോള്‍ ഇയാള്‍ക്കും ഇതേ രോഗലക്ഷണങ്ങളുണ്ടായി. പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ രോഗത്തിന് അല്‍പ്പം ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശങ്കറിനെയും ഭാര്യയെയും ആശുപത്രിയിലാക്കുന്നതിനിടയില്‍ ഇവരുടെ കൈയില്‍നിന്ന് വെള്ളംകുടിച്ച കുടുംബത്തിന്റെ ഡ്രൈവറും രോഗംവന്ന് ആശുപത്രിയിലായെങ്കിലും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

തുടക്കത്തില്‍ ഇവരുടെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ലെങ്കിലും പിന്നീട് അന്വേഷണത്തിനായി പോലീസ് അഞ്ചു സംഘങ്ങളെ നിയോഗിച്ചു. കുടുംബകാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സംഘമിത്രയിലും റോസയിലും സംശയംതോന്നിയ പോലീസ് ഇവരെ ഏറെദിവസം നിരീക്ഷിച്ചശേഷമാണ് അറസ്റ്റുചെയ്തത്. ഇവരെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നകാര്യം അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here