ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍, നി‌ർണായക ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ

0
142

അഹമ്മദാബാദ്: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ആരാധകര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരിക്കലും തോറ്റിട്ടില്ലെങ്കിലും ഇന്ത്യ മുമ്പ് ഏഴ് തവണ ജയിച്ചതില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്തായിരുന്നു. 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ജയിച്ചത് മാത്രമാണ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച ഒരേയൊരു ജയം.

1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പിലെ ആദ്യ മൂന്ന് പതിപ്പുകളിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായിരുന്നില്ല. 1992ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നത്. 1992ല്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലറങ്ങിയ പാകിസ്ഥാന്‍ ലോകകപ്പ് നേടിയെങ്കിലും ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 216 റണ്‍സെ നേടിയുള്ളുവെങ്കിലും പാകിസ്ഥാന്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി.

1996ല്‍ വസീം അക്രമിന്‍റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പിനെത്തിയത്. ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അക്രത്തിന് പരിക്കുമൂലം കളിക്കാനാവാഞ്ഞതോടെ അമീര്‍ സൊഹൈലായിരുന്നു പാകിസ്ഥാനെ നയിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റണ്‍സടിച്ചപ്പോള്‍ പാകിസ്ഥാന്‍റെ മറുപടി 248-9ല്‍ ഒതുങ്ങി.

1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലെത്തിയെങ്കിലും സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 227 റണ്‍സെ അടിച്ചുള്ളുവെങ്കിലും പാകിസ്ഥാന്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 273 റണ്‍സടിച്ചെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ഇന്ത്യ 45.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ടായില്ല.

2011ല്‍ ഇന്ത്യ ചാമ്പ്യന്‍മാരായ ലോകകപ്പിന്‍റെ സെമിയിലായിരുന്നു ഇന്ത്യ-പാക് പോരാട്ടം നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 260 റണ്‍സെടുത്തപ്പോള്‍ പാക് മറുപടി 231ല്‍ അവസാനിച്ചു. 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാകട്ടെ ഷാഹിദ് അഫ്രീദിയുടെ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ 300 റണ്‍സടിച്ചപ്പോള്‍ പാക് മറുപടി 224 റണ്‍സില്‍ അവസാനിച്ചു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയില്‍ 336 റണ്‍സടിച്ചപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് നയിച്ച പാകിസ്ഥാൻ 89 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങി.

അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചിന്‍റെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരാന്‍ സാധ്യതയില്ലാത്തതിനാലാണ് ടോസ് നേടിയ ശേഷം രോഹിത് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നും രോഹിത് ടോസിന് ശേഷം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here