തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയും മഴ തുടരാനുള്ള സാഹചര്യങ്ങളും പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് നടപടി.
അതേസമയം ഗംഗയാര്‍ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാര്‍ബര്‍ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും, തെറ്റിയാര്‍ തോട് ഒഴുകുന്ന കരിമണല്‍ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.