ദുബൈ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം രണ്ടായി; വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ യുവാവും മരിച്ചു

0
298

ദുബൈ: അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്.

താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. സംഭവത്തിൽ  മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ മരണമടഞ്ഞിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ഒൻപത് മലയാളികൾക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളായിരുന്നു ഇന്ന് മരിച്ച നിധിൻ ദാസ്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ 2 പേരുടെ നില ഗുരുതരമാണ്.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയിൽ കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here