കർണാടകയിൽ നടത്തിയ റെയ്ഡിൽ കോടികളുടെ പണം പിടിച്ചെടുത്തുവെന്നും ഇതെല്ലാം കോൺഗ്രസുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നുമാണെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ.
കർണാടകയിൽ നിന്നായിരുന്നു ബി.ജെ.പിയുടെ 40 ശതമാനം കമ്മീഷനും വന്നുകൊണ്ടിരുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയതോടെ അത് നിലച്ചു. പകരം റെയ്ഡ് വഴി പണം പിടിച്ചെടുക്കുകയാണ്. പണം സ്വരൂപിക്കാൻ ഇ.ഡിയും ആദായ നികുതിവകുപ്പും സമ്പന്നരെ ഭീഷണിപ്പെടുത്തുകയാണ്.-എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ സിദ്ധരാമയ്യ ആരോപിച്ചു. സമീപകാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അഞ്ചുസംസ്ഥാനങ്ങളിൽ ബി.ജെ.പി വൻ പരാജയം ഏറ്റുവാങ്ങുമെന്നത് ഉറപ്പാണെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.
2018 മാർച്ചിനും 2023 ജനുവരിക്കും ഇടയിൽ 12,008 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ചുവെന്നതിന്റെ തെളിവാണ് ഇതു വഴി ബി.ജെ.പി സമാഹരിച്ച പണത്തിന്റെ വിശദാംശങ്ങൾ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ബി.ജെ.പി പണം കൊള്ളയടിക്കുന്നതിന്റെ തെളിവു കൂടിയാണിത്. 5,272 കോടി ബി.ജെ.പിയുടേതാണ്. ഈ പണം ബിസിനസുകാർ സ്വമേധയാ നൽകിയതാണോ? അതോ അവരെ ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതോ എന്നും സിദ്ധരാമയ്യ ചോദിച്ചു. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് അദാനി നടത്തുന്നത്. അതിനൊരു കൈയും കണക്കുമില്ല. ബി.ജെ.പി നേതാക്കൾ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് ഇതുസംബന്ധിച്ച് ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു മറുപടിയും നൽകിയിട്ടില്ല. -സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.