പ്രതിഫലത്തില്‍ രജനിയെ മറികടന്നോ വിജയ്? ‘ലിയോ’യില്‍ അഭിനയിച്ചതിന് ‘ദളപതി’യുടെ ശമ്പളം

0
216

സിനിമകളുടെ വിനോദമൂല്യത്തിനും കലാമൂല്യത്തിനുമൊപ്പം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവ നേടുന്ന ബോക്സ് ഓഫീസ് കളക്ഷന്‍. എ, ബി, സി ക്ലാസുകളിലായി തിയറ്ററുകള്‍ വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പ്രദര്‍ശനദിവസങ്ങളുടെ എണ്ണമാണ് പോസ്റ്ററുകളിലും മറ്റും പരസ്യമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥാനം ബോക്സ് ഓഫീസ് കണക്കുകള്‍ക്കാണ്. തങ്ങളുടെ ചിത്രം 100, 500, 1000 കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുന്നതൊക്കെ നിര്‍മ്മാതാക്കള്‍ വലിയ ആഹ്ലാദത്തോടെ പരസ്യം ചെയ്യാറുണ്ട്. കണക്കുകള്‍ പ്രാധാന്യം നേടുന്ന കാലത്ത് സിനിമാപ്രേമികള്‍ക്ക് വലിയ കൌതുകമുള്ള ഒന്നാണ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം. ഇപ്പോഴിതാ തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം ലിയോയില്‍ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ലിയോയിലെ അഭിനയത്തിന് വിജയ് വാങ്ങിയിരിക്കുന്നത് 120 കോടി രൂപയാണ്. തമിഴ് സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണ് ഇത്. അടുത്തിടെ വന്‍ ഹിറ്റ് ആയ തമിഴ് ചിത്രം ജയിലറിലെ അഭിനയത്തിന് രജനികാന്തിന് ലഭിച്ചത് 110 കോടി ആയിരുന്നു. എന്നാല്‍ ചിത്രം നേടിയ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനിക്ക് സമ്മാനിച്ച ചെക്ക് 100 കോടിയുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പ്രതിഫലത്തിന് പുറത്താണോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.

അതേസമയം ഓപണിംഗ് കളക്ഷനില്‍ ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ 140 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ നേടിയിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. ഒപ്പം 2023 ലെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ലിയോ. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാനെയും ജവാനെയും ഓപണിംഗ് കളക്ഷനില്‍ മറികടന്നിട്ടുണ്ട് ചിത്രം.

 

LEAVE A REPLY

Please enter your comment!
Please enter your name here