ദോഹ: രാജ്യത്തേക്ക് എത്തുന്നവർ കൈവശം വെക്കുന്ന ബാഗേജിന്റെ പരിധി എല്ലാ യാത്രക്കാരും പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ്. ബാഗേജിലെ ആകെ വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടരുതെന്ന് ഖത്തർ കസ്റ്റംസ് പുറത്തിറക്കിയ നോട്ടിസിൽ വ്യക്തമാക്കി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാണ്.
വ്യക്തിഗത വസ്തുക്കളായാലും സമ്മാനങ്ങളായാലും വസ്തുക്കളുടെ ആകെ മൂല്യം 3000 ഖത്തർ റിയാലിൽ കൂടാൻ പാടില്ല. സാധനങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത് ആയതിനാൽ അത് ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് നോക്കി വേണം കൊണ്ടുവരാൻ. ഇത്തരത്തിൽ മറ്റു കറൻസികളിൽ 3000 ഖത്തർ റിയാലിൽ തുല്യമായ വസ്തുക്കളാണ് കൊണ്ടുവരേണ്ടത്. അതുപോലെ തന്നെ കൊണ്ടുവരുന്ന വസ്തുക്കൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ളത് ആയിരിക്കരുതെന്നും ഖത്തർ കസ്റ്റംസ് അറിയിച്ചു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾക്ക് പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കൊണ്ടുവരാൻ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച നിയമവും പൂർത്തിയാക്കേണ്ട നടപടികളും വിശദീകരിച്ചിട്ടുണ്ട്.