ജയ്പൂര്‍-മുംബൈ ട്രെയിനിലെ കൂട്ടക്കൊലയില്‍ മുസ്ലീം വിരുദ്ധതയെന്ന് റെയില്‍വേ പൊലീസ്; പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുറ്റപത്രം

0
144

മഹാരാഷ്ട്രയില്‍ ജയ്പൂര്‍-മുംബൈ ട്രെയിനില്‍ നടന്ന കൂട്ടക്കൊലയില്‍ ആര്‍പിഎഫ് കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് ആര്‍പിഎഫ് എഎസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതി ചേതന്‍ സിംഗിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മുസ്ലീം വിരുദ്ധതയാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പ്രതി കൊലയ്ക്ക് ശേഷം മുസ്ലീം വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയതായും കുറ്റപത്രത്തിലുണ്ട്. ജൂലൈ 31ന് പുലര്‍ച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മഹാരാഷ്ട്രയിലെ പാല്‍ഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തുമ്പോഴായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. എഎസ്‌ഐ ടിക്കാറാം മീണയെ ആയിരുന്നു ചേതന്‍ സിംഗ് ആദ്യം വെടിവച്ച് കൊലപ്പെടുത്തിയത്. പിന്നാലെ അസ്ഗര്‍ അബ്ബാസ് അലി, അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍, സയ്യിദ് സൈഫുദ്ദീന്‍ എന്നിവര്‍ക്ക് നേരെയും നിറയൊഴിച്ചു.

ഇതിന് പിന്നാലെ മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്ന് വിളിച്ച് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ചേതന്‍ സിംഗ് മുന്‍പ് മൂന്ന് തവണ ഗുരുതര അച്ചടക്കലംഘനം നടത്തിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ചേതന്‍ സിംഗിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here