വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: നടൻ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി

0
142

കാസർകോ‍ഡ്: ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.

അതിനിടെ, കഴിഞ്ഞ ദിവസം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായ ഷിയാസിനെ കാസർകോ‍ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ പൊലീസ് വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

പരാതി വാർത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമർശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല. ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here