വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

0
187

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153 -കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ) – മതസ്പർദ്ധ വളർത്തൽ, കേരള പൊലീസ് ആക്ട് 120 (ഒ) – ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കളമശേരി സ്ഫോടനം സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

കഴിഞ്ഞ ദിവസം, തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. ‘വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here