നമ്മള്‍ വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് നമുക്ക് അത്രകണ്ട് വ്യക്തത ഉണ്ടാകണമെന്നില്ല. പലപ്പോഴും അനുവദനീയമായ അളവിലധികം പല ഘടകങ്ങളും ചേരുമ്പോള്‍ അത് ക്രമേണ നമ്മെ ബാധിക്കുന്ന രീതിയില്‍ അപകടകരമായിത്തീരുകയും ചെയ്യും.
ഇപ്പോഴിതാ ചോക്ലേറ്റുകളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍- ഓര്‍മ്മപ്പെടുത്തല്‍ പോലൊരു പഠനം വന്നിരിക്കുകയാണ്. പഠനത്തിന്‍റെ വിശദാംശങ്ങള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
യുഎസിലുള്ള ‘കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സ്’ എന്ന സംഘടനയാണ് പഠനം നടത്തിയിരിക്കുന്നത്. വിപണിയിലെ വിവിധ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, ഉപഭോക്താക്കള്‍ക്ക് ആശ്രയമെന്ന നിലയില്‍ സാമ്പത്തിക ലക്ഷ്യമില്ലാതെ- സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘കൺസ്യൂമര്‍ റിപ്പോര്‍ട്ട്സ്’.
ചോക്ലേറ്റുകളില്‍ നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍- അത്രയും അളവില്‍ ‘ലെഡ്’, ‘കാഡ്മിയം’ എന്നിവ അടങ്ങിയിരിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഡാര്‍ക് ചോക്ലേറ്റ് ബാറുകള്‍, മില്‍ക് ചോക്ലേറ്റ് ബാറുകള്‍, ചോക്ലേറ്റ് ചിപ്സ്, കൊക്കോ പൗഡര്‍, ഹോട്ട് കൊക്കോ മിക്സസ്, ബ്രൗണീസ്, ചോക്ലേറ്റ് കേക്കി എന്നിങ്ങനെ നാല്‍പത്തിെയെട്ടോളം ഉത്പന്നങ്ങളാണ് ഇവര്‍ പരിശോധനയ്ക്കായി എടുത്തത്.
ഇതില്‍ പതിനാറ് ഉത്പന്നങ്ങളിലും അളവിലധികം ലെഡും കാഡ്മിയവും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷങ്ങളോളം ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വൃക്കകളെയും രോഗപ്രതിരോധ വ്യവസ്ഥയെയുമെല്ലാം ബാധിക്കുന്ന ഘടകങ്ങളാണ് ലെഡും കാഡ്‍മിയവും.
ഈ ഉത്പന്നങ്ങളുടെയെല്ലാം നിര്‍മ്മാതാക്കളായ കമ്പനികള്‍ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത് എന്നും ഇത് ഒരിക്കലും അനുവദനീയമായൊരു കാര്യമല്ലെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറെയും ബാധിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നെസ്റ്റ്ലേ, സ്റ്റാര്‍ബക്സ്, വാള്‍മാര്‍ട്ട് അടക്കം പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇക്കൂട്ടത്തിലുണ്ട്.