മണ്ഡലത്തില്‍ ഫണ്ടനുവദിക്കണം; ഡി.കെ ശിവകുമാറിന്റെ കാലുപിടിച്ച് BJP MLA (Video)

0
216

ബെംഗളൂരു: മണ്ഡല വികസനത്തിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കാലുപിടിച്ച് ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മുനിരത്‌ന. തന്റെ മണ്ഡലമായ രാജരാജേശ്വരീ നഗറില്‍ വികസനത്തിന് ഫണ്ടനുവദിക്കുന്നതിന് നിവേദനം നല്‍കിയപ്പോഴായിരുന്നു മുനിരത്‌നയുടെ നാടകീയ പ്രകടനം.

മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ മറ്റു പ്രവൃത്തികള്‍ക്ക് വകമാറ്റുന്നതായി ആരോപിച്ച് മുനിരത്‌നയും ബി.ജെ.പി. പ്രവര്‍ത്തകരും ബുധനാഴ്ച രാവിലെ വിധാന്‍സൗധയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ഇതിനുശേഷമാണ് അദ്ദേഹം ശിവകുമാറിനെ കണ്ടത്. പാലസ് മൈതാനത്ത് മറ്റൊരു ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ശിവകുമാറിന് നിവേദനം നല്‍കി. തുടര്‍ന്ന് കാലില്‍ത്തൊടുകയായിരുന്നു. ശിവകുമാര്‍ മുനിരത്‌നയെ കൈപിടിച്ചുയര്‍ത്തി ചേര്‍ത്തുനിര്‍ത്തി അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുമെന്ന് ഉറപ്പു നല്‍കി. പിന്നീട് മുനിരത്‌ന ഡി.കെ. ശിവകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ.യായിരുന്ന മുനിരത്‌ന 2019-ല്‍ രാജിവെച്ചാണ് ബി.ജെ.പി.യിലെത്തിയത്. 2021-ലെ ബൊമ്മെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here