പട്ന: ബിഹാറിലെ നളന്ദ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാർ അക്രമികൾ തീയിട്ട മദ്രസയ്ക്ക് 30 കോടി നൽകി ബിഹാർ സർക്കാർ. ബീഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനർനിർമാണത്തിനാണ് സർക്കാർ തുക അനുവദിച്ചത്.
കഴിഞ്ഞ മാർച്ച് 31നായിരുന്നു ഹിന്ദുത്വവാദികളായ അക്രമികൾ മദ്രസയും ലൈബ്രറിയും അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തത്. ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം പ്രദേശത്തെ പള്ളികൾക്കും മദ്രസകൾക്കും വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയിരത്തോളം വരുന്ന അക്രമികളാണ് അസീസിയ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതെന്ന് മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു.
4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം പറഞ്ഞിരുന്നു. മസ്ജിദിന്റെ മിനാരം തകർത്ത ഹിന്ദുത്വ അക്രമികൾ മദ്രസയിൽ കയറി കല്ലെറിഞ്ഞെന്നും ഇമാം പറഞ്ഞു. മസ്ജിദിലുള്ള ഒരാളെ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
തുടർന്ന് പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 31ന് ശ്രാം കല്യാൺ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ കത്തിക്കുകയും കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്തു.
അക്രമികളുടെ കൈയില്‍ വാളുകളും വടികളുമുണ്ടായിരുന്നെന്നും അവർ ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടാണ് വന്നതെന്നും മദ്രസയിലെ സെക്യൂരിറ്റിയായ മോഹന്‍ ബഹദൂര്‍ പറഞ്ഞിരുന്നു. താൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും എന്നാൽ അവർ തന്‍റെ മുറിയിൽ നിന്ന് 3,500 രൂപ എടുത്തുകൊണ്ടുപോയതായും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ബിഹാറിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനായി 457 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഢാലോചനകൾ നടത്തിയെന്നും ഇതിനു പിന്നിൽ ബജ്‌റംഗ്ദൾ കൺവീനർ കുന്ദൻ കുമാറാണെന്നും എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗവാർ പറഞ്ഞിരുന്നു.
കുന്ദൻ കുമാറുണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ആ ദിവസങ്ങളിൽ നടത്തേണ്ട ആക്രമണങ്ങളെ കുറിച്ചുള്ള ആസൂത്രണവും ഗൂഢാലോചനയും നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാപക അക്രമമാണ് റാലിക്കിടെ ഉണ്ടായത്. ബിഹാർ ഷരീഫിൽ മാത്രമല്ല, ജില്ലയിലെ മറ്റിടങ്ങളിലും ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നു.
ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയെല്ലാം പ്രധാന ആസൂത്രകൻ ബജ്രംഗ്ദൾ നേതാവാണെന്നും പൊലീസ് വിശദമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 140പേരെ അറസ്റ്റ് ചെയ്തതായും 15 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
On March 31, Madrasa Azizia was set ablaze by Hindutva mob during Ram Navami violence in Biharsharif, Nalanda, Bihar. At Madrasa, there were about 4500 books. pic.twitter.com/3kT4ajsswD
— Meer Faisal (@meerfaisal01) April 1, 2023
In Nalanda, Bihar, during Iftar, a Ramnavami procession was taking place when a dispute broke out. Mosques were pelted with stones, and the Morarpur mosque was set on fire by the hindutva mob. Local say that Muslim shops, houses, vehicles and a graveyard have been set on fire. pic.twitter.com/hvcAjlLgFG
— Meer Faisal (@meerfaisal01) March 31, 2023