ഗസ്സയിൽ ഇതുവരെ തകർന്നത് 5500 കെട്ടിടങ്ങൾ; 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം

0
106

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ തകർന്നത് 5500 കെട്ടിടങ്ങൾ. ഇവയിൽ 14,000 പാർപ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സർക്കാർ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയിൽ 19 എണ്ണം പൂർണമായും തകർന്ന സ്ഥിതിയിലാണ്.

അതേ സമയം സൈപ്രസിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളിയതായി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസ് വ്യക്തമാക്കി.

ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിൽ നിന്ന് 7 ലക്ഷം പേർ ഇതിനകം ഒഴിഞ്ഞതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങൾ ആവർത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്നപരിഹാരം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധത്തിൽ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീൻ പ്രശ്നപരിഹാരത്തിൽ അന്തർദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തർദേശീയ സമൂഹം ഇസ്രായേൽ അതിക്രമങ്ങളുടെ കാര്യത്തിൽ പുലർത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ മുന്നറിയിപ്പ് നൽകി.

അതേസമയം, ഗസ്സക്ക് ഉടൻ ഇന്ധനം കൈമാറണമെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോൾ വന്ന ട്രക്ക് ഉത്പന്നങ്ങൾ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here