പ്രശ്‌നം സ്ഥിരീകരിച്ച് ആപ്പിള്‍; ഐഫോണ്‍ 15 ഫോണുകള്‍ ചൂടാവുന്നു, കാരണമിതാണ്

0
192

പുതിയ ഐഫോണുകള്‍ വിപണിയിലെത്തിച്ചതിന് പിന്നാലെ ഐഫോണ്‍ 15 മോഡലുകള്‍ അമിതമായി ചൂടാകുന്നു എന്ന പരാതി ഉയര്‍ന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച കമ്പനി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

ഐഫോണ്‍ 15 മോഡലിലെ അമിതമായി ചൂടാകുന്നപ്രശ്‌നം യാതൊരു വിധ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും ഫോണിന്റെ ആയുസ്സിനെ ബാധിക്കില്ലെന്നും ആപ്പിള്‍ പറയുന്നു. ചൂടിനെ പ്രതിരോധിക്കാനാകും വിധമുള്ള കവചങ്ങള്‍ നല്‍കിയാണ് ഫോണിലെ ഘടകഭാഗങ്ങളുള്ളതെന്നും സിഎന്‍എന്നിന് നല്‍കിയ പ്രതികരണത്തില്‍ കമ്പനി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം, ഉബര്‍, അസ്ഫാള്‍ട്ട് പോലുള്ള അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത തേഡ് പാര്‍ട്ടി ആപ്പുകളാണ് ഫോണുകള്‍ ചൂടാകാനുള്ള കാരണങ്ങളിലൊന്നായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഫോണിന് അമിതഭാരമാകുന്നു. ഈ ആപ്പുകളുടെ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചുവരികയാണെന്ന് ആപ്പിള്‍ പറഞ്ഞു.

ഇതിന് പുറമെ അടുത്തിടെ പുറത്തിറക്കിയ ഐഒഎസ് 17 അപ്‌ഡേറ്റിലെ ബഗ്ഗും ഫോണുകള്‍ ചൂടാകുന്നതിന് കാരണമാകുന്നുണ്ടെന്നും ആപ്പിള്‍ കണ്ടെത്തി. ഇത് പരിഹരിക്കാന്‍ ഉടന്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഇത് എപ്പോള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞില്ല.

ഇതിന് പുറമെ ബാക്ക് അപ്പ് റീസ്റ്റോര്‍ ചെയ്തതിന് ശേഷം, ഉയര്‍ന്ന ഗ്രാഫിക്കുള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍, ഉയര്‍ന്ന ക്വാളിറ്റിയില്‍ വീഡിയോ സ്ട്രീം ചെയ്യുമ്പോള്‍, വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാം ഫോണ്‍ ചൂടാവാനിടയുണ്ടെന്ന് ആപ്പിളിന്റെ സപ്പോര്‍ട്ട് പേജില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അത് സാധാരണമാണ്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയായ ഉടന്‍ ഫോണ്‍ പഴയ താപനിലയിലേക്ക് തിരികെയത്തുമെന്നും ഫോണില്‍ ‘ടെമ്പറേച്ചര്‍ വാണിങ്’ കാണിക്കുന്നത് വരെ ഫോണ്‍ ധൈര്യമായി ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 22 മുതലാണ് പുതിയ ഐഫോണ്‍ 15 മോഡലുകളുടെ വില്‍പന ആരംഭിച്ചത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാവും വിവിധ പ്രോമോഡലുകളുടെ വിതരണം ആരംഭിക്കുക. പുതിയ ഐഫോണ്‍ 15 മോഡലുകള്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here