അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധുവെന്ന് അലഹബാദ് ഹൈക്കോടതി

0
120

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റേതാണ് ഉത്തരവ്.

തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചു.

ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ആകുന്നത് സാത്ത് ഫേര അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് സത്യം സിങ് നൽകിയ പരാതിയിൽ പൊലീസ് നടപടികൾ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിംഗ് എന്ന യുവതി സത്യം സിംഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് 2021 ജനുവരി 11ന് കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബർ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിംഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here