പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

0
164

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്.

കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയര്‍ക്രാഫ്റ്റ് യാത്രാ വിമാനത്തില്‍ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റും.

നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണല്‍ സെക്ടറുകളില്‍ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകും.

എയര്‍ ഇന്ത്യയുടെ വെബ് സൈറ്റ്, മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ട്രാവല്‍ ഏജന്‍റുമാര്‍ എന്നീ മാര്‍ഗങ്ങളിലൂടെയെല്ലാം ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക.ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here