മൂക്കില്‍നിന്ന് ചോര! മയക്കുമരുന്നിലും മായം, കുപ്പിചില്ലും അജിനോമോട്ടോയും; യുവാവിന്റെ കുറ്റസമ്മതം

0
172

തൃശ്ശൂര്‍: മയക്കുമരുന്നുകളിലും മായം വ്യാപകമാകുന്നു. കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ളവയാണ് പൊടിച്ചുചേര്‍ക്കുന്നത്. മയക്കുമരുന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ ഇതിന്റെ പ്രശ്നങ്ങള്‍കൂടി ഉപയോഗിക്കുന്നവര്‍ നേരിടേണ്ടിവരും. ശനിയാഴ്ച വല്ലച്ചിറയില്‍ എം.ഡി.എം.എ. യുമായി എക്സൈസിന്റെ പിടിയിലായ യുവാവും ചില്ല് ചേര്‍ക്കുന്നതായി സമ്മതിച്ചു. അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്.

മയക്കുമരുന്നില്‍ ചില്ലുപോലുള്ളവ ചേര്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ഉപയോഗിക്കുന്ന പലരും മൂക്കില്‍നിന്ന് ചോരവരുന്നതായി മൊഴിനല്‍കിയിരുന്നു. ചില്ലുചേര്‍ക്കുന്നതുകൊണ്ടാണ് ഇതെന്ന് ഇപ്പോഴാണ് അറിയുന്നത്. ചില്ല് നേരെ ശ്വാസകോശത്തിലേക്കാണ് കയറുന്നതെന്നതും ഗൗരവമുള്ളതാണന്നും അധികൃതര്‍ പറയുന്നു.

ഒരുഗ്രാം എം.ഡി.എം.എ.യ്ക്ക് ആറായിരം രൂപയോളമാണ് വില. പകുതിയോളം ചില്ല് ചേര്‍ക്കുമ്പോള്‍ ലാഭം ഇരട്ടി. ബള്‍ബിന്റെചില്ലാണ് കൂടുതലും പൊടിച്ചുചേര്‍ക്കുക. എം.ഡി.എം.എ. ക്രിസ്റ്റല്‍ രൂപത്തിലുള്ളതായതിനാല്‍ പെട്ടെന്ന് അറിയാന്‍ സാധിക്കില്ല. എം.ഡി.എം.എ. യുമായുള്ള സാമ്യമാണ് അജിനോമോട്ടോ ചേര്‍ക്കാന്‍ കാരണം.

കര്‍പ്പൂരം, പഞ്ചസാര, കല്ലുപ്പ് എന്നിവയൊക്കെ പൊടിച്ച് മയക്കുമരുന്നില്‍ ചേര്‍ക്കുന്നുണ്ട്. കര്‍പ്പൂരത്തിന് മണം പ്രശ്നമാണ്. എന്നാല്‍ ആദ്യമായി ഉപയോഗിക്കുന്നവരും മറ്റും ഇതു ശ്രദ്ധിക്കില്ല. ഉപയോഗിക്കുന്നവര്‍ മായം കാര്യമായി തിരിച്ചറിയുന്നില്ല.

പലപ്പോഴും എക്സൈസും പോലീസും പിടികൂടുന്ന മയക്കുമരുന്നുകളില്‍ വെള്ളത്തിന്റെ അംശം കൂടുതലായി കാണാറുണ്ട്. ഇതും മായം കലര്‍ത്തുന്നതിന്റെ ഫലമാണ് എന്ന് അധികൃതര്‍ പറയുന്നു. എം.ഡി.എം.എ. ആണെന്ന വ്യാജേന മെത്താംഫിറ്റമിന്‍ നല്‍കുന്ന തട്ടിപ്പും വ്യാപകമാണ്. ബെംഗളൂരുവില്‍ കുറഞ്ഞവിലയ്ക്കു കിട്ടുന്ന മെത്താംഫിറ്റമിന്‍ എം.ഡി.എം.എ. യെ അപേക്ഷിച്ച് വീര്യം കുറഞ്ഞതാണ്. മയക്കുമരുന്നുകളില്‍ പലതരം മായംചേര്‍ക്കലുകള്‍ നടക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമായതിനാല്‍ പരാതി ഉണ്ടാകില്ല. പിടിയിലാകുന്നവരുടെ മൊഴിയില്‍നിന്നാണ് ചില വിവരങ്ങളെങ്കിലും കിട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here