നടി മധുര നായിക്കിന്റെ സഹോദരിയും കുടുംബവും ഇസ്രയേലിൽ കൊല്ലപ്പെട്ടു, സംഭവം മക്കളുടെ കൺമുന്നിൽ

0
233

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു. മധുര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികളുടെ കൺമുന്നിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര പറഞ്ഞു. ഒക്ടോബർ ഏഴിനായിരുന്നു സംഭവം.

ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന അത്യന്തം വേദനാജനകമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് വിവരിച്ചത്. ഇന്ത്യൻ വംശജയായ ജൂത മത വിശ്വാസിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലിപ്പോൾ 3000-ത്തോളം ജൂതർ മാത്രമേ ഉള്ളൂ. ഒക്ടോബർ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങൾക്ക് നഷ്ടമായി. കസിൻ ഒഡായയും ഭർത്താവും അവരുടെ മക്കളുടെ കൺമുന്നിൽവെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര എഴുതി.

“ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാൽ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേൽ വേദനയിലാണ്. അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസിന്റെ രോഷത്തിൽ എരിയുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ദുർബലരുമായവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്,” മധുരയുടെ വാക്കുകൾ.

“കഴിഞ്ഞദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാൻ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ പലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരിൽ ഞാൻ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാൻ ശബ്ദമുയർത്താൻ ആഗ്രഹിക്കുന്നു. ”അവർ കൂട്ടിച്ചേർത്തു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രയേൽ- ഹമാസ് സംഘർഷം ആരംഭിച്ചത്. സംഘർഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 770 പലസ്തീനികൾ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരണപ്പെട്ടവരിൽ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here