കാസർകോട്: വൃക്കരോഗികൾക്ക് കൈത്താങ്ങായി ജനറൽ ആസ്പത്രിയിൽ ഡയാലിസിസ് കേന്ദ്രം രാത്രിയും പ്രവർത്തിക്കും. വൈകിട്ട് ആറുമുതൽ രാത്രി 10 വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. നവംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ജമാൽ അഹമ്മദ് പറഞ്ഞു. ഇതോടെ കൂടുതൽ വൃക്കരോഗികൾക്ക് ഡയാലിസിസ് കേന്ദ്രത്തിലെ സേവനം ലഭിക്കും.
നിലവിൽ രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഡയാലിസിസ് കേന്ദ്രമുള്ളത്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് അഞ്ചുവരെയും ആറുപേരെ വീതമാണ് ഡയാലിസിസ് ചെയ്യുന്നത്. ഒന്നോരണ്ടോ ദിവസങ്ങളുടെ ഇടവേളകളിലാണ് രോഗികൾ ചികിത്സയ്ക്കെത്തുന്നത്.
ഇപ്പോൾ 27 രോഗികളാണ് കേന്ദ്രത്തിലെത്തുന്നത്. രാത്രി 10 വരെ പ്രവർത്തിക്കുമ്പോൾ 12 രോഗികളെ കൂടുതൽ ഉൾപ്പെടുത്താൻ കഴിയും.