കുമ്പള: പൊലീസിന് ഒറ്റു കൊടുക്കുന്നു എന്നാരോപിച്ച് യുവാവിനെ ഒരു സംഘം മർദ്ദിച്ച് പരിക്കേൽപിച്ച കേസ് പൊലീസ് നിസാരവത്കരിക്കുന്നതായി പരാതി.
ഉപ്പള കുബണൂരിൽ ചൂതാട്ടസംഘത്തിന്റെ ആക്രമണത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ആരിക്കാടിയിലെ ഫാർമസി ജീവനക്കാരനും കുബണൂർ സ്വദേശിയുമായ സുനിലിന് നേരെയുണ്ടായ അക്രമത്തിലാണ് പൊലീസിനു നേരെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പ്രതികൾ നടത്തുന്ന ചൂതാട്ട വിവരങ്ങൾ പൊലീസിന് ഒറ്റുകൊടുക്കുന്നുവെന്ന് ആരോപിച്ച് ഭാര്യവീട്ടിലേക്ക് പോവുകയായിരുന്ന സുനിലിനെ തടഞ്ഞു നിർത്തി ഏഴംഗ സംഘം ആയുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സുനിലിന് പരസഹായം കൂടാതെ കിടക്കയിൽ എഴുനേറ്റ് ഇരിക്കാൻ പോലും സാധിക്കുന്നില്ലെന്ന് കുടുംബം കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ സുനിലിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് കുമ്പള പൊലിസ് മൊഴിയെടുത്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പ് മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലിസ് ശ്രമിക്കുകയാണെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ ആനന്ദ ബായിക്കട്ട, കൃഷ്ണ പഞ്ച, ജനാർദൻ, ജയന്ത സംബന്ധിച്ചു.